Flash News

അഭിമന്യു വധം: വര്‍ഗീയ ധ്രുവീകരണത്തിന് ആയുധമാക്കി സിപിഎം

പി  സി  അബ്ദുല്ല
കോഴിക്കോട്: അഭിമന്യു വധം രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കാന്‍ സിപിഎം പയറ്റുന്നത് ഹീനതന്ത്രങ്ങള്‍. ചില മുസ്‌ലിംവിരുദ്ധ മാധ്യമങ്ങളെ കൂട്ടുപിടിച്ചും പാര്‍ട്ടി മുഖപത്രത്തില്‍ വിദ്വേഷ പ്രചാരണങ്ങ ള്‍ നടത്തിയും ഹിന്ദുത്വപ്രീണന സമീപനം സ്വീകരിച്ചും മഹാരാജാസിലെ അനിഷ്ടസംഭവം ലൈവായി നിര്‍ത്തി നേട്ടം കൊയ്യാനാണു ശ്രമം.
കണക്കുകളനുസരിച്ച് കേരളത്തിലെ ഏറ്റവും വലിയ കൊലയാളി പാര്‍ട്ടിയായ സിപിഎം, അഭിമന്യു സംഭവാനന്തരം കൊലപാതക രാഷ്ട്രീയത്തിനെതിരേ നടത്തുന്ന പ്രചാരണം സമീപകാലത്തെ വലിയ തമാശയാവുകയാണ്. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ രാഷ്ട്രീയമായി നേരിടുന്നതിലെ പരാജയം സമ്മതിക്കുംവിധം വര്‍ഗീയ ധ്രുവീകരണ ലക്ഷ്യത്തോടെ നുണകള്‍ പ്രചരിപ്പിക്കുന്ന തന്ത്രമാണു പാര്‍ട്ടി പയറ്റുന്നത്.
മഹാരാജാസ് സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ ഉയര്‍ത്തിക്കാട്ടി പൊതുസമൂഹത്തില്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കാനുള്ള നീക്കങ്ങളാണു സിപിഎം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഒരു പത്രത്തിലെഴുതിയ ലേഖനത്തിലെ നുണകള്‍ പ്രശ്‌നത്തില്‍ ഹിന്ദുത്വ പിന്തുണയും എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഇടപെടലും ലക്ഷ്യമിട്ടാണെന്ന് വ്യക്തം. പോപുലര്‍ ഫ്രണ്ടിനെതിരേ ഹിന്ദുത്വ സംഘടനകള്‍ അടിസ്ഥാനമില്ലാതെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മഹാരാജാസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍  യാ തൊരു അടിസ്ഥാനവുമില്ലാതെ ആവര്‍ത്തിക്കുകയാണു നേതാ വ്. ഇതുവഴി കൃത്യമായ വര്‍ഗീയ അജണ്ടയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
എട്ട് ആര്‍എസ്എസുകാരടക്കം ഒമ്പതു പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കലാപമടക്കം സി പിഎം എംപി എന്‍ഡിഎഫി ന്റെ തലയിലിടുന്നു. കോഴിക്കോട് ബസ് സ്റ്റാന്റ് സ്‌ഫോടനം, ബേപ്പൂര്‍ പോര്‍ട്ട് സംഭവം, ഹര്‍കത്തുല്‍ മുജാഹിദീന്‍, സിമി, തടിയന്റവിട നസീര്‍ തുടങ്ങി പോപുലര്‍ഫ്രണ്ടുമായി പുലബന്ധമില്ലാത്ത തീവ്രവാദ മസാലക്കൂട്ടുകള്‍ ചേര്‍ത്തുള്ള കഥകളാണ് അഭിമന്യു സംഭവം പ്രതിരോധിക്കാന്‍ സിപിഎം മെനയുന്നത്. എല്ലാറ്റിലും പ്രതികള്‍ എന്‍ഡിഎഫുകാരാണെന്നാണ് എളമരം കരീം “മാതൃഭൂമി യിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നത്. രണ്ടാം മാറാട് കലാപക്കേസില്‍ അറസ്റ്റിലായവരും ശിക്ഷിക്കപ്പെട്ടവരും സിപിഎം-ലീഗ് പ്രവര്‍ത്തകരായിരുന്നു. ഇതു സംബന്ധിച്ച നിയമസഭാ രേഖയും മറ്റു വസ്തുതകളും മറച്ചുവച്ചാണ് സിപിഎം നേതാവ് “മാതൃഭൂമിയില്‍ ലേഖനം ചമയ്ക്കുന്നത്.
രണ്ടാം മാറാട് കലാപത്തി ല്‍ അറസ്റ്റിലായവരില്‍ 39 പേര്‍ സിപിഎമ്മുകാരാണെന്നാണു നിയമസഭാ രേഖ. സിപിഎം അംഗം ടി പി രാമകൃഷ്ണന്റെ ചോദ്യത്തിന് 2003 ജൂലൈ 22നു മുഖ്യമന്ത്രി എ കെ ആന്റണി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇതു വ്യക്തമാക്കുന്നത്. 2008 ഡിസംബറില്‍, രണ്ടാം മാറാട് കലാപത്തില്‍ പ്രത്യേക കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയ 63 പേരില്‍ 16 പേരും സജീവ സിപിഎം പ്രവര്‍ത്തകരായിരുന്നു. സംഭവത്തില്‍ സിപിഎമ്മുകാര്‍ പ്രതികളായതിനാലാണു മാറാട്ടെത്തിയ പിണറായിയെയും മറ്റും ആര്‍എസ്എസ് തടഞ്ഞ് തിരിച്ചയച്ചത്.
രണ്ടാം മാറാടുമായി ബന്ധപ്പെട്ട് രണ്ടുതവണ നടന്ന വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്ടുകളിലൊന്നും എളമരം കരീം ആരോപിച്ച സംഘടനയുടെ പേരില്ല.
രണ്ടാം മാറാട് കേസില്‍ തീവ്രവാദ സാന്നിധ്യമില്ലെന്ന സമീപനമാണു തുടക്കത്തില്‍ സിപിഎം ഔദ്യോഗികമായി സ്വീകരിച്ചതും. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജുഡീഷ്യല്‍ കമ്മീഷന് വ്യക്തമായ മൊഴി നല്‍കിയതും അതിന്റെ ഭാഗമാണ്.
അന്‍വര്‍ അരിയില്‍, ശുക്കൂര്‍ അരിയില്‍, ലത്തീഫ് തളിപ്പറമ്പ്, തലശ്ശേരി ഫസല്‍, തൂണേരി അസ്‌ലം, സൈനുദ്ദീന്‍ തുടങ്ങി സിപിഎം കൊലക്കത്തിയി ല്‍ പിടഞ്ഞൊടുങ്ങിയ മുസ്‌ലിം യുവാക്കളുടെ എണ്ണമേറെയുണ്ട്. 1969 മുതല്‍ ഒരു മാസം മുമ്പു വരെ കണ്ണൂര്‍ ജില്ലയില്‍ മാത്രം 187 പേര്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായതായാണു കണക്ക്.
മുന്‍ സിമി പ്രവര്‍ത്തകരായിരുന്നവര്‍ നേതൃത്വത്തിലുണ്ടെന്നതാണ് ഒരു സംഘടനയ്‌ക്കെതിരായ ഭീകരതയ്ക്കു തെളിവായി എളമരം കരീം ഉന്നയിക്കുന്നത്. അത്തരത്തിലൊരാള്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാരില്‍ മന്ത്രിയാണെന്ന കാര്യം കരീം മറന്നതാവാം!
Next Story

RELATED STORIES

Share it