അഭിമന്യുവിന്റെ കൊലപാതകംകൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം/കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലയ്ക്കു പിന്നില്‍ കാംപസിന് പുറത്തുനിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. തീവ്രവാദത്തിനെതിരേ മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ അണിനിരക്കണം. കേസുമായി ബന്ധപ്പെട്ട് ഇതിനകം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായത്. കാംപസുകളില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകത്തിനെതിരേ ശക്തമായ പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എസ്എഫ്‌ഐക്കെതിരേ അക്രമം നടത്തുന്ന കാംപസ് ഫ്രണ്ടിനെ കാംപസുകളില്‍ നിന്ന് തുരത്തുമെന്ന് എസ്എഫ്‌ഐ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റിയൊന്ന് തീരുമാനിച്ചാല്‍ കാംപസുകളില്‍ നിന്നു കാംപസ് ഫ്രണ്ടിനെ തുടച്ചുനീക്കുമെന്നും എസ്എഫ്‌ഐജില്ലാ സെക്രട്ടറി അതുല്‍ വ്യക്തമാക്കി. അഭിമന്യുവിനെ കൊലപ്പെടുത്തിയ കാംപസ് ഫ്രണ്ടിന്റെ കാംപസുകളിലെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊലപാതകത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു.
കോളജ് കാംപസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചെതിര്‍ത്ത് പരാജയപ്പെടുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകം കാംപസ് രാഷ്ട്രീയ ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.
കലാലയങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി ക്രിമിനല്‍ സംഘങ്ങളെ വളര്‍ത്തുന്ന കേന്ദ്രമാക്കരുതെന്നും മഹാരാജാസ് കോളജില്‍ നടന്ന കൊലപാതകം അപലപനീയമാണെന്നും എസ്‌കെഎസ്എസ്എഫ് കാംപസ് വിങ് പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ കാംപസ് ഫ്രണ്ട് കാംപസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ ജനാധിപത്യവല്‍ക്കരണ ശ്രമങ്ങളെയുമാണ് ഇല്ലാതാക്കുന്നതെന്നു സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സാലിഹ് പറഞ്ഞു. അക്രമരാഷ്ട്രീയം കാംപസുകളില്‍ നിന്ന് ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it