അഭിഭാഷക കമ്മീഷന്‍ ഇടപെടല്‍ കക്ഷികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ മാത്രം

കൊച്ചി: കുടുംബകോടതിയില്‍ നടക്കുന്ന കേസുകളില്‍ വാദിക്കും എതിര്‍കക്ഷിക്കും എതിര്‍പ്പില്ലെങ്കില്‍ മാത്രമേ സാക്ഷിമൊഴി രേഖപ്പെടുത്താന്‍ അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്താവൂ എന്നു ഹൈക്കോടതി ഉത്തരവ്. എതിര്‍പ്പുണ്ടെങ്കില്‍ കുടുംബകോടതിയാണ് സാക്ഷിമൊഴി രേഖപ്പെടുത്തേണ്ടത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സത്യവാങ്മൂലത്തിന്റെ സാരാംശം മാത്രമേ ജഡ്ജി രേഖപ്പെടുത്താവൂ എന്നും ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
അഭിഭാഷക കമ്മീഷന്‍ മൊഴി രേഖപ്പെടുത്തുന്നതിനെ ചോദ്യംചെയ്തു സമര്‍പ്പിച്ച അപേക്ഷ തള്ളിയ ചവറ കോടതിവിധിക്കെതിരേ ഷമീറ എന്ന സ്ത്രീ സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ചവറ കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ ഉപയോഗിക്കാതെ സാക്ഷിമൊഴി രേഖപ്പെടുത്തണമെന്നു നിര്‍ദേശം നല്‍കി. ഷമീറയും ഭര്‍ത്താവും തമ്മില്‍ കുടുംബകോടതിയില്‍ മൂന്നു കേസുകളാണ് നിലവിലുള്ളത്. കേസുകളില്‍ ഒരുമിച്ചായിരുന്നു വാദംകേട്ടത്. തുടര്‍ന്ന് സാക്ഷിമൊഴി രേഖപ്പെടുത്താന്‍ സിവില്‍ നടപടി ചട്ടങ്ങള്‍ പ്രകാരം അഭിഭാഷക കമ്മീഷനെ ചുമതലപ്പെടുത്തി. എന്നാല്‍, അഭിഭാഷക കമ്മീഷന്‍ വേണ്ടെന്നും കുടുംബകോടതിയില്‍ തന്നെ മൊഴി നല്‍കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഷമീറ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. തുടര്‍ന്നാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇത്തരം കേസുകളില്‍ സിവില്‍ നടപടി ചട്ടങ്ങള്‍ പ്രകാരം തെളിവ് എടുക്കേണ്ടത് അഭിഭാഷക കമ്മീഷന്‍ അല്ലെന്നു ഹരജിക്കാരി വാദിച്ചു. തന്റെ എതിര്‍പ്പ് മറികടന്നാണ് അഭിഭാഷക കമ്മീഷനെ നിയമിച്ചിരിക്കുന്നതെന്നും ഹരജിക്കാരി വാദിച്ചു. ഏതുതരം അന്യായങ്ങളിലും നിയമ നടപടികളിലും മൊഴി രേഖപ്പെടുത്താന്‍ അഭിഭാഷക കമ്മീഷനെ ഏര്‍പ്പെടുത്താന്‍ കോടതിക്കു അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കമ്മീഷന്‍ എന്തെല്ലാം തരം തെളിവുകളാണ് രേഖപ്പെടുത്തുക എന്ന കാര്യം ആലോചിച്ചേ തീരൂമാനിക്കാവൂ. ക്രൂരത, പരസ്ത്രീ-പുരുഷബന്ധം, കുട്ടികളെ സംരക്ഷിക്കാതിരിക്കല്‍ തുടങ്ങിയ ഗൗരവമേറിയ ആരോപണങ്ങളില്‍ ക്രോസ് വിസ്താരം നടത്തിയാല്‍ സത്യം അറിയാന്‍ എളുപ്പമാണ്. അഡ്വക്കറ്റ് കമ്മീഷന്‍ സമര്‍പ്പിക്കുന്ന പല തെളിവുകളും കോടതിക്ക് ആവശ്യവുമുണ്ടാവില്ല. ഈ പ്രശ്‌നങ്ങളെല്ലാം ജഡ്ജിക്കു മുമ്പില്‍ മൊഴി നല്‍കുകയാണെങ്കില്‍ ഇല്ലാതാക്കാവുന്നതാണ്. തര്‍ക്കമുള്ള ദമ്പതികളുടെ സാമൂഹിക പശ്ചാത്തലവും സ്വഭാവവും കേസില്‍ പ്രതിഫലിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it