അഭിഭാഷകരായി പ്രാക്റ്റീസ് ചെയ്യാം; ജനപ്രതിനിധികള്‍ക്കെതിരായ ഹരജി തള്ളി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും അഭിഭാഷകരായി പ്രാക്റ്റീസ് ചെയ്യുന്നതിനെതിരേ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. എംപിമാരും എംഎല്‍എമാരുമായ ജനപ്രതിനിധികള്‍ മുഴുവന്‍ സമയ വേതനം കൈപ്പറ്റുന്നവരല്ലെന്ന് വ്യക്തമാക്കിയാണ് സുപ്രിംകോടതിയുടെ നടപടി.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടം 49 പ്രകാരം മുഴുസമയ ജോലിക്കാരായി ശമ്പളം വാങ്ങുന്നവര്‍ക്കാണ് ഇതു ബാധകമാവുക എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അഭിഭാഷകനും ബിജെപി വക്താവുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി തീരുമാനമാക്കിയത്. എംപിമാര്‍, എംഎല്‍എമാര്‍, എംഎല്‍സിമാര്‍ എന്നിവര്‍ അഭിഭാഷകരായി പ്രാക്റ്റീസ് ചെയ്യുന്നതിന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമത്തിലെ പാര്‍ട്ട് ആറ് പ്രകാരം വിലക്കേര്‍പ്പെടുത്തണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമത്തിലെ ചട്ടം 49 ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധവും ഭരണഘടനയുടെ അധികാരം ലംഘിക്കുന്നതുമാണെന്നും അതിനാല്‍ ഇത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഹരജിക്കാരന്റെ വാദത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ജനപ്രതിനിധി എന്നത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണെന്നും സര്‍ക്കാരിന്റെ ഒരു മുഴുസമയ ജോലിക്കാരനല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചത്.

Next Story

RELATED STORIES

Share it