അഭിനയത്തിന്റെ രണ്ടാംപാതിയില്‍ പുരസ്‌കാരവുമായി ഇന്ദ്രന്‍സ്

എം ടി പി റഫീക്ക്

കോഴിക്കോട്: കുടക്കമ്പിയെന്ന വിളിപ്പേരില്‍ മെലിഞ്ഞൊട്ടിയ ശരീരം കൊണ്ട് കാണിക്കാവുന്ന ഹാസ്യമായിരുന്നു ഇന്ദ്രന്‍സെന്ന നടന്റെ സിനിമാജീവിതത്തിലെ ആദ്യ പാതി. ടി വി ചന്ദ്രന്റെ 'കഥാവശേഷനി'ലെ കള്ളനാണ് ഇന്ദ്രന്‍സിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്. പോയ വര്‍ഷങ്ങളില്‍ നിരൂപക ശ്രദ്ധ നേടിയ പല സിനിമകളിലും ഇന്ദ്രന്‍സിന്റെ സാന്നിധ്യമുണ്ട്. 'പാതി'യില്‍ പാപബോധവും പേറി ജീവിക്കുന്ന പാതി വിരൂപനായ മുഖമെഴുത്തുകാരന്‍ കമ്മാരനെ ഇന്ദ്രന്‍സ് നീറുന്ന അനുഭവമാക്കുന്നു.
അഭിനയജീവിതത്തിലെ ഏറ്റവും സാര്‍ഥകമായ കാലഘട്ടത്തിലൂടെയാണ് നാലാംകിട ഹാസ്യം വിളമ്പുന്ന കൊമേഡിയനെന്ന ലേബലുണ്ടായിരുന്ന ഇന്ദ്രന്‍സ് ഇപ്പോള്‍ കടന്നുപോവുന്നതെന്ന് 'ആളൊരുക്കം' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനുള്ള സംസ്ഥാന പുരസ്‌കാരം തെളിയിക്കുന്നു. പപ്പു പിഷാരടിയെന്ന ഓട്ടന്‍ തുള്ളല്‍ കലാകാരനായി ജീവിക്കുകയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍. മാധ്യമ പ്രവര്‍ത്തകനായ  വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലെ ഹൈലൈറ്റ് ഓട്ടന്‍തുള്ളല്‍ കലാകാരനായുള്ള ഇന്ദ്രന്‍സിന്റെ വേഷപ്പകര്‍ച്ച തന്നെയാണ്. കാണാതായ മകനെ തേടി ഗ്രാമത്തില്‍ നിന്നു നഗരത്തിലെത്തിയ ഒരു വൃദ്ധന്റെ ശരീരഭാഷ മലയാള സിനിമ ഒരുപാട് തവണ കളിയാക്കിയിട്ടുള്ള ആ കുഞ്ഞുശരീരത്തിലൂടെ അതിശക്തമായി കാഴ്ചക്കാരനില്‍ എത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
16 വര്‍ഷം മുമ്പ് തന്നോട് പിണങ്ങി നാട് വിട്ടുപോയ മകനെ അന്വേഷിച്ചാണ് പപ്പു പിഷാരടി എന്ന വൃദ്ധന്‍ കുന്നത്തുകാവ് എന്ന കുഗ്രാമത്തില്‍ നിന്ന് നഗരത്തില്‍ എത്തിയത്. ഒന്നര പതിറ്റാണ്ടിനിപ്പുറം അവന്‍ തന്നെ തിരിച്ചറിയുമോ, സ്വീകരിക്കുമോ എന്നിങ്ങനെയുള്ള ചിന്തയൊന്നും അയാളെ അലട്ടുന്നില്ല. പപ്പു പിഷാരടിയെ സംബന്ധിച്ചിടത്തോളം അവസാന കാലത്തെ ആശ്രയം മാത്രമല്ല ആ മകന്‍. ഉറ്റവരുടെ വിയോഗത്തിനു ശേഷം ജീവിതത്തില്‍ അവശേഷിക്കുന്ന ഏക ആഗ്രഹം അവനെ ഒന്നു കാണുക എന്നതു മാത്രമാണ്. പ്രണയം തുളുമ്പുന്ന യൗവനകാലത്തെ ഓര്‍മകളും മകനെക്കുറിച്ചുള്ള ആധികളുമായി തുടര്‍ന്ന് അമ്പരപ്പിക്കുന്ന കഥാഗതികളിലൂടെ 'ആളൊരുക്കം' സഞ്ചരിക്കുന്നു. കലാമണ്ഡലത്തില്‍ നിന്നുള്ള വിദഗ്ധരായ കലാകാരന്മാരാണ് ചിത്രത്തിനു വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്.
രഞ്ജിത്ത് സംവിധാനം ചെയ്ത 'ലീല' എന്ന ചിത്രത്തിലെ ദാസപ്പായി എന്ന കഥാപാത്രത്തില്‍ ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയശേഷിയുടെ മിന്നലാട്ടം കാണാം. നമ്മുടെ ചുറ്റും കാണുന്ന സാധാരണക്കാരനായ മലയാളിയുടെ ശരീരഭാഷയാണ് ഇന്ദ്രന്‍സിന്റേത്. അതാണ് അദ്ദേഹത്തെ പ്രേക്ഷകമനസ്സിനോട് ചേര്‍ത്തുനിര്‍ത്തുന്നതും. 'രാമാനം', 'അപ്പോത്തിക്കിരി', 'മണ്‍ട്രോ തുരുത്ത്', 'മക്കാന', 'ശുദ്ധരില്‍ ശുദ്ധന്‍', 'ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു' തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച ഇന്ദ്രന്‍സിനെ സംബന്ധിച്ചിടത്തോളം അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം.
Next Story

RELATED STORIES

Share it