അഭയകേന്ദ്രത്തിലെ പീഡനംസംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം: കേന്ദ്രം

മുസഫര്‍നഗര്‍: ബിഹാറിലെ അഗതിമന്ദിരത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണം പരിഗണിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപി രഞ്ജീത് രഞ്ജന്റെ ആവശ്യേത്താടു സഭയില്‍ പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
അഭയകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെടുത്തിയ പെണ്‍കുട്ടികള്‍ക്കു മതിയായ സുരക്ഷയൊരുക്കണമെന്നും കോണ്‍ഗ്രസ് സഭയില്‍ ആവശ്യപ്പെട്ടു. സന്നദ്ധസംഘടന നടത്തുന്ന അഭയകേന്ദ്രത്തിനു സംസ്ഥാന സര്‍ക്കാരാണു സാമ്പത്തിക സഹായം നല്‍കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിതര സംഘടന നടത്തിയ പരിശോധനയിലാണ് അഭയകേന്ദ്രത്തിലെ പീഡനം പുറത്തറിയുന്നത്. പരാതിയെ തുടര്‍ന്ന് അഭയകേന്ദ്രം അടച്ചുപൂട്ടിയിരുന്നു.
ഇവിടെ നിന്നു പോലിസ് രക്ഷപ്പെടുത്തിയ 40 പെണ്‍കുട്ടികളില്‍ 16 പേര്‍ പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞതോടെ നടത്തിപ്പുകാരും ജില്ലാ ശിശു സംരക്ഷണ ഓഫിസറും ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായി. അഭയകേന്ദ്രത്തില്‍ ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി രക്ഷപ്പെട്ടവരിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നു പോലിസ് ഭൂമി കുഴിച്ചു പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സംഭവം വിവാദമായതിനെ തുടര്‍ന്നു സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it