World

അബദ്ധത്തില്‍ യുഎസ് അതിര്‍ത്തി കടന്ന ഫ്രഞ്ച് വംശജ യുഎസില്‍ തടവില്‍ കഴിഞ്ഞത് രണ്ടാഴ്ച

വാഷിങ്ടണ്‍: പ്രഭാതസവാരിക്കിടെ അബദ്ധത്തില്‍ യുഎസ് അതിര്‍ത്തി കടക്കാനിടയായ ഫ്രഞ്ച് വംശജയായ 19കാരി യുഎസില്‍ തടവില്‍ കഴിഞ്ഞത് രണ്ടാഴ്ച. കാനഡ അതിര്‍ത്തി കടന്നു യുഎസിലെത്തിയതിന് സിഡെല്ല റൊമാന്‍ ജൂണ്‍ അഞ്ചിനാണ് മോചിതയായത്.
കാനഡയില്‍ താമസിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയ റൊമാന്‍ കൊളംബിയയിലെ വൈറ്റ്‌റോക്ക് നഗരത്തിന്റെ തെക്കന്‍ തീരത്തു കൂടെ നടക്കുന്നതിനിടെയാണ് അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് യുഎസിലെ ബ്ലയിനിയിലെത്തിപ്പെട്ടത്. അവിടെ ഫോട്ടോ എടുക്കുന്നതിനിടെ യുഎസ് അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ പിടികൂടുകയായിരുന്നു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് തന്നെ പിടികൂടിയതെന്നും സത്യാവസ്ഥ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവര്‍ അതംഗീകരിക്കാന്‍ തയ്യാറായില്ലെന്നും റൊമാന്‍ പറഞ്ഞു. ഫ്രഞ്ച് പൗരത്വമുള്ള സിഡെല്ലയുടെ കൈയില്‍ പിടികൂടുമ്പോള്‍ രേഖകളൊന്നുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അവര്‍ പോലിസ് വാഹനത്തില്‍ കയറ്റി തടവുകേ—ന്ദ്രത്തിലെത്തിച്ചു. ദേഹപരിശോധനയ്ക്കു വിധേയയാക്കി തന്നോട് ആഭരണങ്ങളടക്കമുള്ള എല്ലാ വസ്തുക്കളും പിടിച്ചുവാങ്ങിയതായും പെണ്‍കുട്ടി അറിയിച്ചു. മെയ് 21നാണ് സിഡെല്ലയെ യുഎസ് അതിര്‍ത്തി സുരക്ഷാ സേന പിടികൂടിയത്.
അതിര്‍ത്തി കടക്കുമ്പോള്‍ രേഖകള്‍ സൂക്ഷിക്കുക അവരുടെ ഉത്തരവാദിത്തമാണെന്നായിരുന്നു ഇതുസംബന്ധിച്ച് യുഎസ് അധികൃതരുടെ വിശദീകരണം. അറസ്റ്റിലായി മൂന്നു ദിവസത്തിനകം റൊമാന്റെ യാത്രാ രേഖകള്‍ ബന്ധുക്കള്‍ യുഎസ് അധികൃതര്‍ക്കു മുമ്പാകെ ഹാജരാക്കിയിരുന്നു.
എന്നാല്‍, ഫ്രഞ്ച് പൗരയായ റൊമാന്‍ കാനഡയില്‍ എങ്ങിനെ എത്തിയെന്ന് യുഎസ്, കാനഡ എമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കാന്‍ വൈകിയതോടെ മോചനം നീണ്ടു.
Next Story

RELATED STORIES

Share it