അഫ്ഗാന്‍: ഗോത്രവര്‍ഗ നേതാക്കളുടെ സഹായം തേടിഇന്ത്യന്‍ എന്‍ജിനീയര്‍മാരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി

കാബൂള്‍: അഫ്ഗാനില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഗോത്രവര്‍ഗ നേതാക്കളുടെ സഹായത്തോടെ ശ്രമം തുടങ്ങിയതായി അധികൃതര്‍. അഫ്ഗാനിസ്താനിലെ സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
അഫ്ഗാനിസ്താനിലെ ബഗ്‌ലാന്‍ പ്രവിശ്യയില്‍ പുലെ ഖുമ്‌രി നഗരത്തിനു സമീപമുള്ള ഉള്‍നാടന്‍ ഗ്രാമമായ ബാഗെ ശമലില്‍ നിന്നാണ് കഴിഞ്ഞദിവസം സായുധര്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. ഏഴ് എന്‍ജിനീയര്‍മാരെയും അവര്‍ സഞ്ചരിച്ച വാഹനത്തിലെ അഫ്ഗാന്‍ പൗരനായ ഡ്രൈവറെയുമാണ് കാണാതായിട്ടുള്ളതെന്ന് പോലിസ് വക്താവ് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനും മോചിപ്പിക്കുന്നതിനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയില്‍ വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന കെഇസി ഇന്റര്‍നാഷനല്‍ എന്ന ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ഡാ അഫ്ഗാനിസ്താന്‍ ബ്രഷ്‌ന ഷേര്‍കത്ത് എന്ന കമ്പനിക്കു വേണ്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറിലധികം ഇന്ത്യന്‍ പൗരന്മാര്‍ ജോലി ചെയ്യുന്ന കമ്പനിയാണ് ഡാ അഫ്ഗാനിസ്താന്‍ ബ്രഷ്‌ന ഷേര്‍കത്ത്. തട്ടിക്കൊണ്ടുപോയവരില്‍ അഫ്ഗാന്‍ പൗരനായ ഡ്രൈവറും ഉള്‍പ്പെടും.
ബാഗെ ശമലില്‍ നിര്‍മിക്കുന്ന വൈദ്യുതിനിലയത്തില്‍ ജോലിക്കെത്തിയ എന്‍ജിനീയര്‍മാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയാണ് ഇവരെ കടത്തിക്കൊണ്ടുപോയത്. പതിനഞ്ചിലധികം വരുന്ന സായുധരാണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് അറിയിച്ചു. സംഭവത്തിനു പിന്നില്‍ സായുധസംഘമായ ഐഎസാണെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
Next Story

RELATED STORIES

Share it