അപ്പീലുകളില്‍ സമഗ്ര വിശദീകരണം നല്‍കാന്‍ നിര്‍ദേശം

കൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക പോക്‌സോ കോടതികളിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഹരജികളില്‍ സമഗ്രമായ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. നിയമനങ്ങളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികള്‍ നേരത്തേ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിന് എതിരായ അപ്പീലുകളാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്‌ക്കെത്തിയത്.
നേരത്തേ ഈ അപ്പീലുകളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയിരുന്നു. എന്നാല്‍, ഇന്നലെ കേസുകള്‍ വീണ്ടും പരിഗണനയ്ക്കു വന്നു. നിയമനം സംബന്ധിച്ച രേഖകള്‍ പരിശോധിച്ചപ്പോള്‍ വീണ്ടും വാദം കേള്‍ക്കേണ്ടതുണ്ടെന്നു വ്യക്തമായതായി കോടതി പറഞ്ഞു. നിരവധി ജില്ലകളിലെ നിയമനം സംബന്ധിച്ച് അവ്യക്തതകളുള്ളതായി കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറലിനോട് വിശദീകരണം തേടിയത്.
Next Story

RELATED STORIES

Share it