അപമാനിച്ചിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ്; അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി

കോട്ടയം: ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പുസ്തകത്തില്‍ തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷോണ്‍ ജോര്‍ജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കി.
താന്‍ നിഷയോടൊപ്പം തിരുവനന്തപുരത്തു നിന്നു ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ല. ഭാര്യാപിതാവിനെ ആശുപത്രിയില്‍ പോയി കണ്ടുമടങ്ങിയത് കോഴിക്കോട്ടു നിന്നാണ്. കോഴിക്കോട്ടു നിന്ന് കോട്ടയത്തേക്കുള്ള യാത്രയില്‍ നിഷ ട്രെയിനിലുണ്ടായിരുന്ന കാര്യം ഷോണ്‍ ജോര്‍ജ് സ്ഥിരീകരിച്ചു. ഭാര്യ പാര്‍വതിയുടെ പിതാവും സിനിമാ നടനുമായ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ച് മടങ്ങുംവഴിയായിരുന്നു അത്. എന്നാല്‍, ട്രെയിനില്‍ നിഷയുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ പുസ്തകത്തിന്റെ വില്‍പന വര്‍ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് പൊതുജനമധ്യത്തില്‍ അപമാനമുണ്ടാക്കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ തന്നെ അപമാനിക്കുംവിധം പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം.
ട്രെയിന്‍ യാത്രയ്ക്കിടെ കോട്ടയത്തെ രാഷ്ട്രീയ നേതാവിന്റെ പിതാവിന്റെ പേരു പറഞ്ഞു പരിചയപ്പെട്ട യുവാവ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പുസ്തകത്തില്‍ നിഷ വെളിപ്പെടുത്തിയത്. പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന യുവാവ് താനാണെന്ന് സൂചനകളില്‍ നിന്നു വ്യക്തമാവുന്നതായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വ്യാപകമായി പ്രചാരണം നടക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ പേര് വെളിപ്പെടുത്തിയാല്‍ കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it