kozhikode local

അപകടത്തില്‍പ്പെട്ടാല്‍ പോലിസിനെ അറിയിക്കാന്‍ ഡോക്ടര്‍ക്ക് ഫീസ്

മുക്കം: മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ അപകടത്തിലോ ആക്രമണത്തിലോ പരിക്കേറ്റു ചികില്‍സക്ക് എത്തുന്നവരുടെ വിവരം പോലിസിന് കൈമാറണമെങ്കില്‍ ഡോക്ടര്‍ക്ക് കൈമടക്ക് നല്‍കണമെന്ന് പരാതി. കിടത്തി ചികില്‍സയും മരുന്നും സൗജന്യമായി ലഭിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ പിടിച്ചുപറി.
ആശുപത്രിയില്‍ നിന്നുള്ള ഇന്റിമേഷന്‍ പൊലിസ് സ്റ്റേഷനില്‍ കൊടുക്കാനാണ് ഡോക്ടര്‍ക്ക് പണം നല്‍കേണ്ടി വരുന്നത്. ആശുപത്രിയില്‍ നിന്ന് ഇന്റിമേഷന്‍ ലഭിച്ചെങ്കിലേ ഇത്തരം സംഭവങ്ങളില്‍ പോലിസിന് മേല്‍നടപടി സ്വീകരിക്കാനാവു. എന്നാല്‍ ഇന്റിമേഷന്‍ നല്‍കണമെങ്കില്‍ പണം കിട്ടണമെന്ന് മുക്കം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഒരു ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചതായാണ് പരാതി ഉയര്‍ന്നത്.
മര്‍ദനമേറ്റ് പരിക്കുകളോടെ ചികില്‍സ തേടിചെന്ന മുക്കത്തെ ഓട്ടോറിക്ഷ തൊഴിലാളിയായ അബൂബക്കര്‍ (36)ആണ് പരാതിക്കാരന്‍. സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളാണ് അബൂബക്കറിനെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. ഇന്റിമേഷന്‍ പൊലിസ് സ്റ്റേഷനില്‍ കൊടുക്കണമെങ്കില്‍ 500 രൂപ നല്‍കണമെന്ന മെഡിക്കല്‍ ഓഫീസറുടെ ചാര്‍ജ് വഹിക്കുന്ന ഡോക്ടറുടെ നിര്‍ബന്ധത്തിന് ഇവര്‍ വഴങ്ങുകയായിരുന്നു. ഡോക്ടര്‍ 500 രൂപ എണ്ണി വാങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തി. ഇവരുടെ അന്വേഷണത്തില്‍ അന്നേ ദിവസം ഇതുപോലെ നാലോ അഞ്ചോ ആളുകളില്‍ നിന്ന് ഈ ഡോക്ടര്‍ “ഫീസ് “ വാങ്ങിയതായാണ് വിവരം ലഭിച്ചത്. ഡോക്ടറുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.
Next Story

RELATED STORIES

Share it