World

അന്‍വര്‍ ഇബ്രാഹീമിനെ ഉടന്‍ മോചിപ്പിക്കും: മഹാതീര്‍

ക്വാലാലംപൂര്‍: തടവില്‍ കഴിയുന്ന രാഷ്ട്രീയ നേതാവ് അന്‍വര്‍ ഇബ്രാഹീമിനെ ഉടന്‍ മോചിപ്പിക്കുമെന്നു മലേസ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റു മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രഖ്യാപനം. ജയിലില്‍ നിന്നു മോചിപ്പിക്കുക മാത്രമല്ല അന്‍വര്‍ ഇബ്രാഹീമിനെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്‍വര്‍ മോചിതനായാല്‍ താന്‍  വൈകാതെ സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിസ്ഥാനം അദ്ദേഹത്തിനു നല്‍കുമെന്നും മഹാതീര്‍ വ്യക്തമാക്കി.
അന്‍വര്‍ ഇബ്രാഹീമിന്റെ മോചനത്തിനു മലേസ്യന്‍ രാജാവ് അനുമതി നല്‍കിയതായി മഹാതീര്‍ മുഹമ്മദ് അറിയിച്ചു. അന്‍വര്‍ ഇബ്രാഹീമിന്റെ പത്‌നി അസിസാ വാന്‍ ഇസ്മാഈലിനെ ഉപപ്രധാനമന്ത്രിയാക്കുമെന്നും മഹാതീര്‍ വ്യക്തമാക്കി.
15 വര്‍ഷത്തിനു ശേഷമാണ് മഹാതീര്‍ മുഹമ്മദ് വീണ്ടും മലേസ്യന്‍ പ്രധാനമന്ത്രിയാവുന്നത്. മഹാതീര്‍ മുഹമ്മദും അന്‍വര്‍ ഇബ്രാഹീമുമായുള്ള തര്‍ക്കങ്ങള്‍ രണ്ടു പതിറ്റാണ്ടോളം മലേസ്യന്‍ രാഷ്ട്രീയത്തെ സ്വാധീനിച്ചിരുന്നു. 90കളില്‍ മഹാതീര്‍ പ്രധാനമന്ത്രിയായിരിക്കേ ഉപപ്രധാനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്രാഹീമിനെ പുറത്താക്കിയതോടെയാണ് രാഷ്ട്രീയ വൈരം ശക്തമായത്.  2015ലാണ് അന്‍വര്‍ തടവിലാവുന്നത്. നല്ലനടപ്പിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അഞ്ചുവര്‍ഷ ശിക്ഷാ കാലാവധി ഇളവ് ചെയ്തിരുന്നു. അടുത്തമാസം എട്ടിന് അദ്ദേഹത്തെ മോചിപ്പിക്കുന്നതിനും തീരുമാനമാ€യിരുന്നു. എന്നാല്‍, മഹാതീറിന്റെ പ്രഖ്യാപന പ്രകാരം ജൂണ്‍ വരെ നീളാതെ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അന്‍വര്‍ ഇബ്രാഹീമിന്റെ മോചനമുണ്ടാവുമെന്നാണ് വ്യക്തമാവുന്നത്.
ഇന്ന് തന്റെ മന്ത്രിസഭ പ്രഖ്യാപിക്കുമെന്നും മഹാതീര്‍ വ്യക്തമാക്കി. അസീസ അടക്കം 11 മന്ത്രിമാരാവും സഭയിലുണ്ടാവുക. പ്രതിപക്ഷ സഖ്യത്തിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനാവും മന്ത്രിസഭ ആദ്യഘട്ടത്തില്‍ പ്രാധാന്യം നല്‍കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചരക്കുസേവന നികുതി (ജിഎസ്ടി) ഇല്ലാതാക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പ്രതിപക്ഷ സഖ്യം മുന്നോട്ടുവച്ചിരുന്നു.
രാജ്യത്ത് മാറ്റം ആവശ്യമാണെന്നു മുന്‍ പ്രധാനമന്ത്രി നജീവ് റസാഖിന്റെ സഹോദരനും മലേസ്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ സിഐഎംബി ഗ്രൂപ്പ് ഹോള്‍ഡിങ് ചെയര്‍മാനുമായ നാസിര്‍ റസാഖ് പ്രതികരിച്ചു. പുതിയ സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ കാര്‍ക്കശ്യങ്ങളെയും നിക്ഷിപ്ത താല്‍പ്പര്യങ്ങളെയും മറികടക്കണമെന്നും മഹാതീറിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it