അന്വേഷണ സംഘത്തെ അയക്കും: വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: എംഎല്‍എ സ്ഥാനം രാജിവച്ചു പി കെ ശശി അന്വേഷണം നേരിടണമെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ആരോപണവിധേയനായിരിക്കെ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് പോലിസിനു സമ്മര്‍ദമുണ്ടാക്കും. യുവതിയുടെ പരാതിയില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
വിഷയത്തില്‍ 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നു ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രേഖാ ശര്‍മ പറഞ്ഞു. കേസില്‍ പോലിസ് മേധാവി സ്വീകരിച്ച നടപടികള്‍ 15 ദിവസത്തിനകം ബോധ്യപ്പെടുത്തിയില്ലെങ്കില്‍ അന്വേഷണ സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും അവര്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ വനിതാ നേതാവ് ശശിക്കെതിരേ പീഡനം ആരോപിക്കുകയും തുടര്‍ന്ന്, പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷണമാരംഭിക്കുകയും ചെയ്തിരുന്നു. പരാതിക്കാരിയുമായി ബന്ധപ്പെടാന്‍ കമ്മീഷന്‍ ശ്രമിച്ചെന്നും രേഖാ ശര്‍മ വ്യക്തമാക്കി. എന്ത് നടപടിയാണ് എടുത്തതെന്നു ബോധ്യപ്പെടുത്താന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് വനിതാ കമ്മീഷന്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. അതേസമയം, സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരായ യുവതിയുടെ പരാതി ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാന ഘടകത്തിനു കൈമാറിയിരുന്നുവെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. തനിക്കു ലഭിച്ച പരാതി പൂഴ്ത്തിയെന്ന ആരോപണം വൃന്ദ കാരാട്ട് നിഷേധിച്ചു.
കേന്ദ്രത്തിന് കത്ത് ലഭിക്കുന്നതിനു മുമ്പു തന്നെ സംസ്ഥാന നേതൃത്വം നടപടി തുടങ്ങിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. പരാതിക്കാരിയായ യുവതി പോലിസിനെ സമീപിക്കുകയാണെങ്കില്‍ പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
പോലിസിനെ സമീപിക്കണമോയെന്ന് യുവതിക്ക് തീരുമാനിക്കാമെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രതികരണം. യുവതിക്ക് ആരെയും സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എത്രയും വേഗം പാര്‍ട്ടി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കും. കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണത്തില്‍ യാതൊരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല. തെറ്റ് കാണിച്ച ഒരാള്‍ക്കും ഒരാനുകൂല്യവും പാര്‍ട്ടിയില്‍ നിന്നു ലഭിക്കില്ലെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
Next Story

RELATED STORIES

Share it