അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം

മഞ്ചേരി: ബിസിനസ് പങ്കാളിത്തത്തിന് പണം വാങ്ങി വഞ്ചിച്ചെന്ന പി വി അന്‍വര്‍ എംഎല്‍എക്കെതിരായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രവാസിയായ മലപ്പുറം പട്ടര്‍കടവ് സ്വദേശി സലിം നടുത്തൊടിയാണ് കേസന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഹരജി സമര്‍പ്പിച്ചത്.
മഞ്ചേരി സിഐയാണ് കേസന്വേഷിക്കുന്നത്. കേസ് അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥനെയോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഏജന്‍സിയെയോ ചുമതലപ്പെടുത്തണമെന്നാണു ഹരജിയിലെ ആവശ്യം. എംഎല്‍എയുടെ വഞ്ചന വ്യക്തമാവുന്ന രേഖകള്‍ ലഭിച്ചിട്ടും ഇക്കാര്യത്തില്‍ അന്വേഷണസംഘം തുടരുന്ന മെല്ലെപ്പോക്കു നയത്തില്‍ പ്രതിഷേധിച്ചാണ് ഹരജി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ ജില്ലാ പോലിസ് മേധാവി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നെങ്കിലും വേണ്ട ഇടപെടല്‍ നടത്തിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി. ഹരജി നാളെ കോടതി പരിഗണിക്കും.
കേസില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലും പോലിസ് തയ്യാറായിട്ടില്ലെന്നും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയാണെന്നും പരാതിക്കാരന്‍ പറഞ്ഞു. അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി സലിം നടുത്തൊടി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മഞ്ചേരി പോലിസ് 2017 ഡിസംബര്‍ 21ന്  എംഎല്‍എക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ ബല്‍ത്തങ്ങാടി താലൂക്കിലെ തണ്ണീര്‍പന്തല്‍ പഞ്ചായത്തിലുള്ള മാലോടത്ത് കാരായയില്‍ 26 ഏക്കറില്‍ ക്രഷര്‍ യൂനിറ്റ് നടത്തുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് എംഎല്‍എ പണം കൈപ്പറ്റിയത്.
10ലക്ഷം രൂപ ചെക്കായും 40 ലക്ഷം പണമായുമാണ് കൈപ്പറ്റിയത്. എ ന്നാല്‍ ലാഭമോ മുതലോ നല്‍കിയില്ലെന്നും പണം തിരികെ ചോദിച്ചിട്ടും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. പരാതിക്ക് ആധാരമായ ബല്‍ത്തങ്ങാടിയിലെ ക്രഷര്‍ യൂനിറ്റില്‍ പോലിസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ ക്രഷര്‍ യൂനിറ്റില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
1.87 ഏക്കറിലുള്ള ക്രഷറാണ് ബല്‍ത്തങ്ങാടിയിലുള്ളത്. രജിസ്‌ട്രേഷന്‍ രേഖകളില്‍ ഈ ഭൂമി പി വി അന്‍വര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് പോലിസ് ശേഖരിച്ചിട്ടുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഈ ഭൂമിയെ സംബന്ധിച്ച് ആരോപണവിധേയനായ പി വി അന്‍വര്‍ വിവരം നല്‍കിയിട്ടില്ല. പരാതിയെ ബലപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചതോടെ അന്‍വര്‍ എംഎല്‍എയെ ഉടന്‍ ചോദ്യംചെയ്യണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it