World

അന്വേഷണത്തിന് പ്രോസിക്യൂട്ടര്‍ ഐസിസി അനുമതി തേടി

ഹേഗ്: മ്യാന്‍മറിലെ റഖൈനില്‍ നിന്നു റോഹിന്‍ഗ്യകളെ കൂട്ടമായി നാടുകടത്തിയ വിഷയത്തില്‍ അന്വേഷണം ആരംഭിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ ഫതൗ ബെന്‍സോഡ കോടതിയുടെ അനുമതി തേടി. തിങ്കളാഴ്ചയാണ് ബെന്‍സോഡ ഇതുസംബന്ധിച്ച ഹരജി ഫയല്‍ ചെയ്തത്. 2017 ആഗസ്ത് മുതല്‍ 6,70,000ല്‍ അധികം റോഹിന്‍ഗ്യര്‍ റഖൈനില്‍ നിന്നു ബംഗ്ലാദേശിലേക്ക് നിര്‍ബന്ധിത പലായനം ചെയ്യേണ്ടിവന്നതായും ബെന്‍സോഡ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
കേസ് അന്വേഷണം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാരപരിധിയില്‍ വരുമോ എന്നത് കേവലമായ ഒരു ചോദ്യമല്ല. കോടതിക്ക് വിഷയത്തില്‍ ഇടപെടാനും കുറ്റവിചാരണ നടത്താനും അധികാരമുണ്ടോ എന്നുറപ്പിക്കാനാണ് ഹരജി. ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അംഗമാണ്.
എന്നാല്‍, മ്യാന്‍മര്‍ അംഗമല്ല എന്നതാണ് സംശയത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയുടെ അനുമതി കിട്ടുകയാണെങ്കില്‍ മറ്റൊരു രാജ്യത്തേക്ക് നാടുകടത്തിയതിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിയമപ്രകാരം നേരിടാനാവുമെന്നും ബെന്‍സോഡ അറിയിച്ചു.
തന്റെ വാദങ്ങള്‍ കേള്‍ക്കുന്നതിനായി പ്രത്യേക ട്രൈബ്യൂണലിനെ നിയോഗിക്കണമെന്നും ത്വരിതഗതിയില്‍ പരിഗണിക്കേണ്ട വിഷയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഐസിസിയില്‍ ഇതുസംബന്ധിച്ചു ഹരജി ഫയല്‍ ചെയ്യുന്നത്. റഖൈനിലേക്ക് മ്യാന്‍മര്‍ ഭരണകൂടം മതിയായ മരുന്നുകളടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കുന്നില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും റോഹിന്‍ഗ്യന്‍ പലായനം തുടരുന്നതായും യുഎന്‍ പ്രതിനിധി രണ്ടു ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it