Alappuzha local

അന്ധകാരനഴിയിലെ തെക്കുഭാഗത്തെ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കും

ആലപ്പുഴ: അന്ധകാരനഴിയിലെ തെക്ക് ഭാഗത്തെ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കാന്‍ ഉപദേശകസമിതി യോഗത്തില്‍ തീരുമാനം. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഭക്ഷ്യ-പൊതുവിതരണ  മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു. അന്ധകാരനഴിക്ക് തെക്ക് പഞ്ചായത്തുകളിലെ ഓരുവെള്ളത്തിന്റെ അളവ് 54 മില്ലീമോസായി ഉയര്‍ന്നതിനാല്‍ കൃഷിയെ ബാധിക്കുന്നതു തടയാനാണ് ഷട്ടര്‍ അടയ്ക്കുന്നത്. വടക്കു ഭാഗത്ത് നിലവില്‍ തുറന്നിരിക്കുന്ന ഷട്ടറുകള്‍ അടയ്ക്കില്ല. ഒരു നെല്ലും ഒരു മീനും എന്നതിനു പകരം വര്‍ഷം മുഴുവന്‍ മല്‍സ്യകൃഷിചെയ്യുന്ന രീതി അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നെല്‍കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മല്‍സ്യകൃഷി—ക്കായി മാത്രം പാടശേഖരങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ധകാരനഴി ഷട്ടറിന്റെ ഇലക്ട്രിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റ്റിഎം ഷെരീഫ് ആവശ്യപ്പെട്ടു. പൊഴിയില്‍നിന്ന് മണല്‍ കടത്താതിരിക്കാനുള്ള നടപടി വേണമെന്ന്് മല്‍സ്യത്തൊഴിലാളി സംഘടന പ്രതിനിധി ആവശ്യപ്പെട്ടു. ഷട്ടറുകള്‍ ഒരു ദിവസം കൊണ്ട് അടയ്ക്കാനാവുമെന്ന് ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ജില്ലാ കലക്ടര്‍ ടിവി അനുപമ, എഡിഎമ്മിന്റെ ചുമതല വഹിക്കുന്ന പുഞ്ച സ്‌പെഷല്‍ ഓഫിസര്‍ മോന്‍സെി പി അലക്‌സാണ്ടര്‍, സബ് കലക്ടര്‍ വിആര്‍കെ തേജാ മൈലാവരപ്പൂ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ പ്രേംകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപദേശക സമിതിയംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it