Flash News

അന്ത്യോദയ എക്‌സ്പ്രസ്സിന് സ്റ്റോപ്പ്: രാഷ്ട്രീയം കളിച്ച് റെയില്‍വേ മന്ത്രിയും ബിജെപിയും

എ പി വിനോദ്

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചതില്‍ റെയില്‍വേമന്ത്രി പിയൂഷ് ഗോയലും ബിജെപിയും രാഷ്ട്രീയം കളിക്കുന്നു. ജൂലൈ 1 മുതല്‍ നിരാഹാരസമരം നടത്തുമെന്നു പ്രഖ്യാപിച്ച പി കരുണാകരന്‍ എംപിയെ ഇന്നലെ വൈകീട്ട് 7.30ന് റെയില്‍വേമന്ത്രി ഡല്‍ഹിയില്‍ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നു. അന്ത്യോദയ എക്‌സ്പ്രസ് സ്റ്റോപ്പിന്റെ കാര്യത്തില്‍ എംപി അയച്ച നിവേദനത്തെ തുടര്‍ന്നായിരുന്നു ഈ ക്ഷണം.
എന്നാല്‍, കരുണാകരന്‍ എംപി ഡല്‍ഹിയിലേക്കു വിമാനം കയറിയ ഉടനെ സ്റ്റോപ്പ് അനുവദിച്ചതായി മന്ത്രിയുടെ ഓഫിസില്‍ നിന്നു വി മുരളീധരന്‍ എംപിയെ അറിയിക്കുകയായിരുന്നു. നിങ്ങളുടെയും ജനങ്ങളുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്നാണ് കത്തില്‍ പറയുന്നത്. പി കരുണാകരന്‍ എംപിക്ക് അയച്ച കത്തിലും ഇതേ വാചകങ്ങള്‍ തന്നെയാണുള്ളത്. ബിജെപി നേതൃത്വത്തിന്റെ സത്വരമായ ഇടപെടല്‍കൊണ്ടാണ് സ്‌റ്റോപ്പ് അനുവദിച്ചതെന്നും പി കരുണാകരന്‍ എംപിയും മറ്റു ചിലരും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും ബിജെപി പറഞ്ഞു. സ്റ്റോപ്പ് അനുവദിക്കാത്തതിനു പിന്നില്‍ റെയില്‍വേയിലെ ചില ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരും എംപിയുമാണെന്നും ബിജെപി ആരോപിച്ചു.
അതേസമയം, കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ്സിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചതില്‍ രാഷ്ട്രീയം കലര്‍ത്തിയെന്ന് പി കരുണാകരന്‍ എംപി. സ്‌റ്റോപ്പ് അനുവദിച്ചതായുള്ള അറിയിപ്പു നല്‍കാന്‍ റെയില്‍വേമന്ത്രി തന്നെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയെന്നും എന്നാല്‍, തനിക്ക് കത്ത് കൈമാറും മുമ്പേ ബിജെപി നേതാക്കള്‍ക്ക് അയച്ചുകൊടുത്തെന്നും പി കരുണാകരന്‍ പറഞ്ഞു. എംപി പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് കാസര്‍കോട്ട് ബിജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ച വിവരം പുറത്തുവിട്ടിരുന്നു. തന്നെ വിളിച്ചുവരുത്തി അപമാനിച്ചത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും എംപി പറഞ്ഞു. അന്ത്യോദയക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജനും യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വലും നിരാഹാരം കിടന്നിരുന്നു. കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് അപായച്ചങ്ങല വലിച്ചത് ദേശീയശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിനു പുറമേ എഐവൈഎഫ്, ഡിവൈഎഫ്‌ഐ, യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളും പ്രക്ഷോഭത്തിനിറങ്ങിയിരുന്നു.
Next Story

RELATED STORIES

Share it