അന്തിമവിധി വരുന്നതു വരെ ആധാര്‍ ബന്ധിപ്പിക്കേണ്ട

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ആധാര്‍ സംബന്ധിച്ച കേസില്‍ സുപ്രിംകോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതു വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. എന്നാല്‍, ആധാര്‍ ആക്റ്റിലെ സെക്ഷന്‍ ഏഴുപ്രകാരം ലഭ്യമാവുന്ന ആനുകൂല്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും ഈ സമയപരിധി ബാധകമാവില്ല. വിവിധ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കുന്ന പദ്ധതികള്‍ക്കും ഈ സമയപരിധി ബാധകമാവില്ല.
തത്കാല്‍ പാസ്‌പോര്‍ട്ട്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെയായിരുന്നു നേരത്തേ സമയം അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 15നാണ് സമയപരിധി കോടതി മാര്‍ച്ച് 31 വരെ നീട്ടിയത്. നേരത്തേ ഇത് 2017 ഡിസംബര്‍ 31 ആയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ആധാര്‍ കേസില്‍ ഇന്നലത്തെ വാദംകേള്‍ക്കലിന് ഒടുവില്‍ വീണ്ടും സമയപരിധി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.
ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേയും ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തും സുപ്രിംകോടതി മുമ്പാകെയുള്ള ഒരുകൂട്ടം ഹരജികളിന്‍മേലുള്ള വാദംകേള്‍ക്കല്‍ രണ്ടാഴ്ചയിലധികമായി സുപ്രിംകോടതിയില്‍ നടക്കുകയാണ്.
കേസില്‍ ഇന്നലെ വാദം കേള്‍ക്കുന്നതിനിടെ, തത്കാല്‍ പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ആശങ്കാജനകമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ അരവിന്ദ് ദത്താര്‍ കോടതിയില്‍ വ്യക്തമാക്കി. മൊബൈല്‍, ബാങ്ക് അക്കൗണ്ട്, മറ്റു സേവനങ്ങള്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി മാര്‍ച്ച് 31ല്‍ നിന്ന് നീട്ടണമെന്നും അദ്ദേഹം അപേക്ഷിച്ചു.
എന്നാല്‍, പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിന് മറ്റു തിരിച്ചറിയല്‍ രേഖകളും സ്വീകാര്യമാണെന്നും തത്കാല്‍ പാസ്‌പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇതിനു മറുപടിയായി കോടതിയില്‍ വാദിച്ചത്.
ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടുന്നത് ആധാര്‍ ആക്റ്റിലെ സെക്ഷന്‍ ഏഴ് പ്രകാരമുള്ള സബ്‌സിഡികളെയും ആനുകൂല്യങ്ങളെയും സേവനങ്ങളെയും ബാധിക്കരുതെന്നും വേണുഗോപാല്‍ അപേക്ഷിച്ചു.
Next Story

RELATED STORIES

Share it