thiruvananthapuram local

അന്താരാഷ്ട്ര തുറമുഖ പ്രദേശം അടിമലത്തുറ മല്‍സ്യത്തൊഴിലാളികള്‍ ഉപരോധിച്ചു

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പ്രദേശം ഉപരോധിക്കാനായി അടിമലത്തുറയില്‍ നിന്ന് കടല്‍മാര്‍ഗം മല്‍സ്യത്തൊഴിലാളികളുടെ അപ്രതീക്ഷിത വരവ് അധികൃതരെ അങ്കലാപ്പിലാക്കി. മുദ്രാവാക്യം വിളികളുമായി നിരവധി വള്ളങ്ങളില്‍ നൂറ് കണക്കിന് പേരുടെ പെട്ടെന്നുള്ളവരവാണ് അധികൃതരെ ഞെട്ടിച്ചത്.
ഇരമ്പിയെത്തിയ ജനത്തെ നിയന്ത്രിക്കാന്‍ പോലിസിന് ഏറെ പണിപ്പെടേണ്ടിവന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് അന്താരാഷ്ട്ര തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ പുനരധിവാസ പാക്കേജ് കിട്ടിയില്ലെന്നാരോപിച്ച്  മല്‍സ്യതൊഴിലാളികളുടെ സംഘം ചേര്‍ന്നുള്ള വരവ്.അടിമലത്തുറയില്‍ നിന്ന് നിരനിരയായി എത്തിയ പതിനെട്ട് കുറ്റന്‍ വള്ളങ്ങളെ തുറമുഖത്തിന് സമീപം അടുപ്പിച്ച ശേഷം മുന്നൂറോളം പേര്‍ അടങ്ങുന്ന സംഘം നിര്‍മാണമേഖലയില്‍ പ്രവേശിച്ചതോടെയാണ് അധികൃതര്‍ കാര്യമറിഞ്ഞത്. തുറമുഖത്തിന്റെ താല്‍ക്കാലിക റോഡിലൂടെ ഒരു കിലോമീറ്ററോളം നടന്ന ഇവര്‍ തുറമുഖ കവാടമായ മുല്ലൂരില്‍ ഉപരോധം തുടങ്ങി.
സംഭവമറിഞ്ഞ് വിഴിഞ്ഞം സിഐ ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി നിര്‍മാണം തടസ്സപ്പെടുത്താനുള്ള ശ്രമം തടഞ്ഞു. എന്നാല്‍ റോഡില്‍ കുത്തിയിരുന്നവരെ അനുകൂലിച്ച് വാഹനങ്ങളില്‍ കുടുതല്‍ പേര്‍ എത്തിയതോടെ തീരദേശ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കടലിലും പട്രോളിങ് ശക്തമാക്കി. വിവരമറിഞ്ഞ് എഡിഎം ജോണ്‍ സാമുവല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ കുമാര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. സമരക്കാര്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിസില്‍ അധികൃതരുമായി ഇന്നും തുറമുഖ വകുപ്പ് മന്ത്രിയുമായി നാളെയും കൂടിക്കാഴ്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാമെന്നറിയിച്ചതോടെയാണ് ഉച്ചയോടെ സമരക്കാര്‍ പിരിഞ്ഞു പോയത്. അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ അടിമലത്തുറയിലെയും വിഴിഞ്ഞം നോര്‍ത്തിലെയും കമ്പവലക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വാദം. എന്നാല്‍ രണ്ടിടത്തും തീരം കടല്‍ കവര്‍ന്നതോടെ  പ്രതിഷേധമുയരുകയായിരുന്നു. തുടര്‍ന്ന്്് അടിമലത്തുറയെ നഷ്ടപരിഹാര പാക്കേജില്‍  ഉള്‍പ്പെടുത്തി. പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയിട്ടും യാതൊരു നടപടിയുമില്ലാതെ കാര്യങ്ങള്‍ നീണ്ടുപോയതാണ് അടിമലത്തുറയിലെ മല്‍സ്യത്തൊഴിലാളികളെ പ്രതിഷേധ സമരത്തിലേക്ക് തള്ളിവിട്ടത്.
തീരം കടല്‍ വിഴുങ്ങിയ വിഴിഞ്ഞം നോര്‍ത്തിലെ കമ്പവലക്കാരായ മല്‍സ്യത്തൊഴിലാളികളെയും പാക്കേജില്‍ ഉല്‍പ്പടുത്തുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ഉടന്‍ നടത്തുമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചെങ്കിലും തുടര്‍ നടപടികള്‍ ഇതുവരെ ആരംഭിക്കാത്തത് ഇവിടത്തെ മല്‍സ്യത്തൊഴിലാളികളില്‍ അമര്‍ഷമുളവാക്കിയിട്ടുണ്ട്. നടപടികള്‍ വീണ്ടും നീണ്ടാല്‍ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് നോര്‍ത്തിലെ കരമടി  കമ്പവലക്കാരായ മല്‍സ്യത്തൊഴിലാളികള്‍.
Next Story

RELATED STORIES

Share it