Flash News

അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും



തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 10ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും. വൈകീട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. കിരണ്‍ കാര്‍ണിക് മുഖ്യാതിഥിയാവും. കഴിഞ്ഞവര്‍ഷം ഓസ്‌കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട റോജര്‍ റോസ് വില്യംസിന്റെ “ലൈഫ് അനിമേറ്റഡ്’, റോട്ടര്‍ഡാം മേളയില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയ പ്രാന്തിക് ബസുവിന്റെ “സഖിസോണ’ എന്നിവ ഉദ്ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കും.കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മല്‍സരവിഭാഗത്തില്‍ 77 ചിത്രങ്ങളാണുള്ളത്. ചലച്ചിത്രാചാര്യനെ ആദരിക്കുന്ന വിഭാഗത്തില്‍ പ്രമുഖ ജര്‍മന്‍ സംവിധായകന്‍ വിം വെന്‍ഡേഴ്‌സിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ചലാം ബെനൂര്‍ക്കര്‍ക്കും പ്രശസ്ത കലാനിരൂപകനും തിരക്കഥാകൃത്തുമായ ജോണ്‍ ബര്‍ഗര്‍ക്കും മേളയില്‍ സ്മരണാഞ്ജലി അര്‍പ്പിക്കും. കെ ജി ജോര്‍ജിന്റെ ചലച്ചിത്ര ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബ്ദത്തിലൂടെ മാത്രം സംവദിക്കുന്ന സൗണ്ട്‌ഫൈയല്‍സാണ് മറ്റൊരു ആകര്‍ഷണം.  റിതു സരിന്‍ ചെയര്‍പേഴ്‌സനും ലിജോ ജോസ് പെല്ലിശ്ശേരിയും കാര്‍ല ലോഷും അംഗങ്ങളുമായ ജൂറിയാണ് ഫിക്ഷന്‍ വിഭാഗത്തിന്റെ വിധിനിര്‍ണയം നടത്തുന്നത്.   മേള 20ന് സമാപിക്കും.
Next Story

RELATED STORIES

Share it