അനിശ്ചിതകാല സമരം ശക്തമാക്കാന്‍ ബോട്ട് ഉടമകള്‍

കൊച്ചി: ചെറുമീന്‍ പിടിക്കുന്നതിന്റെ പേരില്‍ കനത്ത പിഴയീടാക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആരംഭിച്ച അനിശ്ചിതകാല സമരം ശക്തമാക്കാന്‍ ബോട്ടുടമകളുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സമരം ആരംഭിച്ച് മൂന്നു ദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ ഗൗരവപൂര്‍ണമായ ഇടപെടലുകള്‍ നടത്താത്ത സര്‍ക്കാര്‍ നടപടിക്കെതിരേ 22നു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഹാര്‍ബറുകളില്‍ നിന്നുള്ള ബോട്ടുടമകള്‍ക്കു പുറമേ മല്‍സ്യത്തൊഴിലാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളുമായി ഒരു ലക്ഷത്തോളം പ്രവര്‍ത്തകരെ സെക്രട്ടേറിയറ്റിന് മുമ്പില്‍ അണിനിരത്താനാണു സംഘടന ലക്ഷ്യമിടുന്നത്. കഴിഞ്ഞ 14ന് സമരവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബോട്ടുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചെങ്കിലും കൃത്യമായ നിലപാടുകള്‍ സര്‍ക്കാര്‍ അറിയിക്കാത്തതിനെ തുടര്‍ന്നാണു സമരം ആരംഭിച്ചത്.
ചെറുമീന്‍ പിടിച്ചതുമായി ബന്ധപ്പെട്ട് ഫിഷറീസ് ഉദ്യോഗസ്ഥരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബോട്ട് തൊഴിലാളികളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരേ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ബോട്ടുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ മല്‍സ്യക്ഷാമം രൂക്ഷമായി. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളാണ് നിലവില്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോവുന്നത്. 400 ഗില്‍നെറ്റ് ബോട്ടുകളും ജോലിക്കിറങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള ഹാര്‍ബറുകളില്‍ നിന്നുള്ള 3000ഓളം ബോട്ടുകള്‍ സമരത്തില്‍ പങ്കെടുക്കുന്നതോടെ സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ മാര്‍ക്കറ്റുകളില്‍ മല്‍സ്യലഭ്യത കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി ചെറുമല്‍സ്യങ്ങള്‍ പിടിക്കുന്നുവെന്ന് ആരോപിച്ച് ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഭീമമായ പിഴ ഈടാക്കുന്നതായാണ് ബോട്ടുടമകളുടെ പരാതി. കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്റ്റ് നിലനില്‍ക്കുന്നതിനാല്‍ 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കുള്ളില്‍ മാത്രമേ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനസര്‍ക്കാരിന് അനുവാദമുള്ളൂവെന്നിരിക്കേ ഉള്‍ക്കടലില്‍ നടക്കുന്ന മല്‍സ്യബന്ധനത്തില്‍ ഫിഷറീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അനാവശ്യമാണെന്ന് ബോട്ട് ഉടമകള്‍ ആരോപിക്കുന്നു.
കടലില്‍ ചെറുമല്‍സ്യങ്ങള്‍ കുറയുന്നുവെന്നുള്ള സിഎംഎഫ്ആര്‍ഐ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് 2016ല്‍ സര്‍ക്കാര്‍ ചെറുമല്‍സ്യബന്ധനം നിരോധിച്ച് ഉത്തരവിറക്കിയത്. 50 ശതമാനത്തില്‍ കൂടുതല്‍ ചെറിയ മല്‍സ്യങ്ങള്‍ ആണെങ്കില്‍ നടപടിയെടുക്കാനാണ് സിഎംഎഫ്ആര്‍ഐ റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെങ്കിലും അത് മറച്ചുവച്ചാണ് സര്‍ക്കാര്‍ നിയമം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ബോട്ടുടമകളുടെ വാദം.
Next Story

RELATED STORIES

Share it