അനില്‍ അംബാനി രാജ്യം വിടുന്നതു തടയണം

ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയിലെ മറ്റു രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ഇന്ത്യ വിട്ടുപോവാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം ഉപകരണ കമ്പനിയായ എറിക്‌സണ്‍ സുപ്രിംകോടതിയെ സമീപിച്ചു. തങ്ങള്‍ക്കു തരാനുള്ള 550 കോടി നല്‍കുന്നതില്‍ മനപ്പൂര്‍വം വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് എറിക്‌സണ്‍ സുപ്രിംകോടതിയെ സമീപിച്ചത്.
1,600 കോടി രൂപയായിരുന്നു അനില്‍ അംബാനിയുടെ റിലയന്‍സ് എറിക്‌സന് നല്‍കാനുണ്ടായിരുന്നത്. ഇതു സംബന്ധിച്ച കേസില്‍ കോടതിയിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം തുക 550 കോടിയായി എറിക്‌സണ്‍ കുറച്ചുനല്‍കുകയായിരുന്നു. കോടതിയുണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരം സപ്തംബര്‍ 30നകം റിലയന്‍സ് തുക എറിക്‌സണ് നല്‍കണം. എന്നാല്‍ തുകയൊന്നും കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എറിക്‌സണ്‍ വീണ്ടും കോടതിയിലെത്തിയിരിക്കുന്നത്.
റിലയന്‍സ് രാജ്യത്തെ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ലെന്ന് എറിക്‌സണ്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതു കോടതി ഉത്തരവിന്റെ ലംഘനമാണ്. റിലയന്‍സ് മാനേജ്‌മെന്റിനെതിരേ കോടതിയലക്ഷ്യത്തിനു കേസെടുക്കുകയും അവര്‍ കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിടുന്നതു തടയുകയും വേണം. നിയമം പരിപാലിക്കപ്പെടുന്നതിന് അത് അനിവാര്യമാണെന്നും എറിക്‌സണ്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അനില്‍ അംബാനിയുടെ റിലയന്‍സ് വലിയ കടബാധ്യതയിലാണുള്ളത്. നിലവില്‍ 45,000 കോടിയാണു റിലയന്‍സിന്റെ കടം. അനില്‍ അംബാനിയുടെ പഴയ റിലയന്‍സിന്റെ സ്‌പെക്ട്രം, കെട്ടിടങ്ങള്‍, ഫൈബര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ 25,000 കോടി—ക്ക് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോക്ക് വില്‍ക്കാന്‍ ധാരണയായിരുന്നെങ്കിലും സ്‌പെക്ട്രം കൈമാറാന്‍ 2,900 കോടി ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന് ടെലികോം മന്ത്രാലയം നിബന്ധന വച്ചതിനാല്‍ എങ്ങുമെത്താതെ കിടക്കുകയാണ്.
എറിക്‌സണ്‍ കോടതിയെ സമീപിച്ചത് അനുചിതമായിപ്പോയെന്നാണ് ഇതു സംബന്ധിച്ച റിലയന്‍സിന്റെ പ്രതികരണം. പണം നല്‍കാന്‍ 60 ദിവസത്തെ സമയം കൂടി കോടതിയില്‍ ആവശ്യപ്പെടുമെന്നും റിലയന്‍സ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it