അനാഥാലയങ്ങളുടെ രജിസ്‌ട്രേഷന്‍; സമസ്ത പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ബാലനീതി നിയമത്തിന് (ജെജെ ആക്ട്്) കീഴിലും ശിശുസംരക്ഷണ നിയമപ്രകാരവും യത്തീംഖാനകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ സമസ്ത സുപ്രിംകോടതിയല്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു.  ഹരജി ജൂലൈ 11നു മറ്റു കേസുകള്‍ക്കൊപ്പം പരിഗണിക്കാമെന്ന് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബാലനീതി നിയമത്തിന്റെ മറവില്‍ യത്തീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു കീഴിലുള്ള യത്തീംഖാനകള്‍ നേരത്തെ സമര്‍പ്പിച്ച ഹരജിയില്‍ ജൂലൈ 11നു തുടര്‍വാദം കേള്‍ക്കും. കേസ് ഫെബ്രുവരിയില്‍ പരിഗണിക്കുന്നതിനിടെ യത്തീംഖാനകളിലെ സൗകര്യങ്ങള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖയുടെ പകര്‍പ്പ്, കുട്ടികളുടെ എണ്ണം, കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വാര്‍ഷിക പരീക്ഷയോട് അനുബന്ധിച്ച തിരക്ക് കാരണം വിവരങ്ങള്‍ ശേഖരിക്കാനായില്ലെന്നും സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനു നാലാഴ്ചത്തെ കാലാവധി കൂടിനല്‍കണമെന്നും യത്തീംഖാനകള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ഇന്നലെ കോടതിയില്‍  ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യം അംഗീകരിച്ച കോടതി, വേനലവധിക്കു ശേഷം കേസ് പരിഗണിക്കുന്നതിന് മുമ്പായി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഹരജിക്കാര്‍ക്കു വേണ്ടി അഭിഭാഷകരായ പി എസ് സുല്‍ഫിക്കര്‍ അലി, ഹുസയ്ഫ അഹ്മദി, മുഹമ്മദ് ത്വയ്യിബ് എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it