അനാഥാലയങ്ങളിലെ കുട്ടികളുടെ വിവരശേഖരം തയ്യാറാക്കണം

അനാഥാലയങ്ങളിലെ കുട്ടികളുടെ വിവരശേഖരം തയ്യാറാക്കണം
X


സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: രാജ്യത്തെ അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണമെന്നും കുട്ടികളുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസ് തയ്യാറാക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ മുഴുവന്‍ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ മാസം തോറും പുതുക്കിയ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസും രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ ഭാഗമാക്കണം. ഇത്തരം ഡാറ്റാബേസുകളുടെ വിശ്വാസ്യതയും സ്വകാര്യതയും ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പുവരുത്തണം.   സംസ്ഥാന സര്‍ക്കാരിന്റെയോ ഏതെങ്കിലും സന്നദ്ധ സംഘടനകളുടെയോ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യക കരുതലും സംരക്ഷണവും വേണ്ടതുണ്ടെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ആറു മാസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് കോടതി വ്യക്തമാക്കി. 2016 ജനുവരി 15ന് പ്രാബല്യത്തില്‍ വന്ന ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് കീഴിലുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ നടന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. തമിഴ്‌നാട്ടിലെ മഹാബലിപുരത്തുള്ള അനാഥാലയങ്ങളിലെ കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് കോടതിക്ക് മുമ്പാകെ എത്തിയ ഒരു പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.ജുവനൈല്‍ ആക്ടും മോഡല്‍ റൂള്‍സും അനുസരിച്ച് ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ നിലവാരം ഉണ്ടെന്ന് ഡിസംബര്‍ 31ന് മുമ്പ് ഉറപ്പുവരുത്തണമെന്നും കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.സ്ഥാപനങ്ങളിലെ കുട്ടികളുടെ ജീവിത നിലവാരവും മറ്റും പരിശോധിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കണം. ഈ സമിതി തങ്ങളുടെ റിപോര്‍ട്ട് ഡിസംബര്‍ 31ന് മുമ്പായി സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനുകളിലെ മുഴുവന്‍ ഒഴിവുകളും നികത്തണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശമുണ്ട്. അതിനിടെ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും മറ്റൊരു ഉത്തരവിലൂടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it