ernakulam local

അനര്‍ഹരായ 4,076 റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തിയതായി സപ്ലെ ഓഫിസര്‍



കാക്കനാട്: ജില്ലയില്‍ അനര്‍ഹരായ 4076 കാര്‍ഡുകള്‍ കണ്ടെത്തിയതായി ജില്ലാ സപ്ലെ ഓഫിസര്‍ ഹരിപ്രസാദ് പറഞ്ഞു. പ്രയോറിട്ടി മറികടന്ന് റേഷന്‍കാര്‍ഡ് തരപ്പെടുത്തിയവരാണിത്. അത്തരം കാര്‍ഡുകള്‍ കണ്ടെത്തി തിരുത്തലുകള്‍ വരുത്തി നല്‍കുകയായിരുന്നു. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡുകള്‍ കണ്ടെത്തിയത് കണയന്നൂര്‍ താലൂക്കിലാണ് 1119, കുറവ് എറണാകുളം സിറ്റി റേഷനിങ് ഓഫിസിന്റെ പരിധിയാണ് 14. ജില്ലയില്‍ ആകെ 8 ലക്ഷം കാര്‍ഡുടമകളാണുള്ളത്. ജില്ലയില്‍ 1328 റേഷന്‍ കടകളാണുള്ളത്. ഓരോ റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് റേഷനിങ് ഉദ്യോഗസ്ഥര്‍ എത്തിയാണ് കാര്‍ഡ് വിതരണം ചെയ്യുന്നത്. മുന്‍ കാലങ്ങളില്‍ റേഷന്‍ കടക്കാരെയാണ് കാര്‍ഡ് വിതരണത്തിന്റെ ചുമതല നല്‍കിയിരുന്നത്. കള്ള കാര്‍ഡുകള്‍ ഇല്ലാതാക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തി നല്‍കുന്നത്. അടുത്തടുത്ത് റേഷന്‍ കടകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഏകോപിപ്പിച്ച് ഒരു സ്ഥലത്തു വച്ചും വിതരണം ചെയ്യും. രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് വിതരണ സമയം. അന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് ഒരു ദിവസം കൂടി വിതരണ സൗകര്യം ഒരുക്കും. കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ആരെങ്കിലും തിരിച്ചറിയല്‍ രേഖകളുമായി എത്തിയാല്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കും. ജൂണ്‍ മാസം അവാസനത്തോടെ ജില്ലയില്‍ പൂര്‍ണമായും പുതിയ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തീകരിക്കുമെന്നും ഡിഎസ്ഓ പറഞ്ഞു. 2017 മുതല്‍ 2021 ഡിസംബര്‍ 31 ന് തീരുന്ന അഞ്ച് വര്‍ഷത്തേക്കുള്ള റേഷന്‍ കാര്‍ഡാണിത്. സിവില്‍ സപ്ലൈസ്‌റ്റോറുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ രേഖപ്പെടുത്തുവാന്‍ പ്രത്യേകം പേജും കോളങ്ങളും ഈ കാര്‍ഡില്‍ ഉണ്ട്. പുതിയ കാര്‍ഡ് ഇറങ്ങുന്നതോടെ പഞ്ചസാര വിതരണം പൂര്‍ണമായും ഇല്ലാതാവും. പഞ്ചസാര ഭക്ഷ്യവസ്തു അല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തലാണ് ഇതിനു കാരണം.
Next Story

RELATED STORIES

Share it