kasaragod local

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്കെതിരേ നടപടി

കാസര്‍കോട്: താലൂക്കില്‍ ബോവിക്കാനം, പൊവ്വല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുന്നതിനായി താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ വീട് വീടാന്തരം പരിശോധന നടത്തിയതില്‍ പത്തോളം ബിപിഎല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമായി തുടരുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ജോസഫ് ജോര്‍ജ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി വല്‍സരാജന്‍, കൃഷ്ണനായ്ക് സംബന്ധിച്ചു.
ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടുള്ളവര്‍, സ്വന്തമായി നാല് ചക്ര വാഹനമുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍, സര്‍ക്കാര്‍ ജോലിയുള്ളവര്‍, 25000-ല്‍ കൂടുതല്‍ വരുമാനമുള്ളവര്‍ തുടങ്ങി ജനവിഭാഗങ്ങള്‍, മുന്‍ഗണനാ റേഷന്‍കാര്‍ഡ് കൈവശം വച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റണം.
അല്ലാത്തവര്‍ക്കെതിരെ അവശ്യസാധന നിയമം പ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 420 വകുപ്പനുസരിച്ച് ഒരു വര്‍ഷം വരെയുള്ള തടവ് ശിക്ഷയും, പിഴയും ഈടാക്കും.
കൂടാതെ റേഷന്‍കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യുന്നതും അനധികൃതമായി കൈപ്പറ്റിയ റേഷന്‍സാധനങ്ങളുടെ വില ഈടാക്കുന്നതുമായിരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it