അനന്തതയിലേക്കുള്ള പ്രയാണത്തില്‍ കൂടെ നടന്നവള്‍

കോഴിക്കോട്: പ്രപഞ്ചത്തിന്റെ ജനനവും നക്ഷത്രങ്ങളുടെ മരണവുമായി ബന്ധപ്പെട്ട പ്രധാന ഭൗതികശാസ്ത്ര സംഭാവനകള്‍ നല്‍കിയ സ്റ്റീഫന്‍ ഹോക്കിങ് ആണ്, 76ാം വയസ്സില്‍ ജീവിത സമസ്യകളില്‍ നിന്ന് വിടവാങ്ങിയത്. ഭൗതിക ശാസ്ത്രത്തില്‍ നെടുന്തൂണുകളായി പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാളാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഹോക്കിങ്. ഈ നൂറ്റാണ്ടിലെ പ്രതിഭയോടൊന്നിച്ചുള്ള അസാധാരണമായ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഭാര്യയായ ജെയിന്‍ വൈല്‍ഡ് എഴുതിയ പുസ്തകമാണ് 'ട്രാവലിങ് ടു ഇന്‍ഫിനിറ്റി'. സഹപാഠിയായ ഗവേഷക ജെയിന്‍ വൈ ല്‍ഡുമായി പ്രണയത്തിലായത് സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. പിന്നീട് വിവാഹിതരായി.
ജെയിന്‍ വൈല്‍ഡ് സ്റ്റീഫന്‍ ഹോക്കിങിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രോഗാവസ്ഥയില്‍ ജെയിന്‍ നല്‍കിയ സ്‌നേഹവും പിന്തുണയുമാണു തുടര്‍ന്നുള്ള തന്റെ ജീവിതം സാധ്യമാക്കിയതെന്നു ഹോക്കിങ് തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, ക്രമേണ പൊരുത്തക്കേടുകള്‍ നിറഞ്ഞ ദാമ്പത്യമായി മാറി.  സ്വയം ദൈവമായി അഭിനയിക്കുന്ന മനുഷ്യന്‍ എന്നാണ് ജെയിന്‍ ഹോക്കിങ്ങിനെ വിശേഷിപ്പിച്ചത്. ഒടുവില്‍ അവര്‍ പിരിയുകയും ഹോക്കിങ് എലെയ്ന്‍ മേഴ്‌സണ്‍ എന്ന നഴ്‌സിനെ വിവാഹം കഴിക്കുകയുമാണുണ്ടായത്.
'ട്രാവലിങ് ടു ഇന്‍ഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫന്‍' എന്ന ജയിന്‍ രചിച്ച പുസ്തകമാണ് 2014 ല്‍ 'ദ് തിയറി ഓഫ് എവരിതിങ്' എന്ന പേരില്‍ സിനിമയായത്. 2014 ല്‍ പുറത്തിറങ്ങിയ ബ്രിട്ടിഷ് റൊമാന്റിക് ഡ്രാമാ ചലച്ചിത്രമാണിത്. ജെയിംസ് മാര്‍ഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അന്തോണി മക്കാര്‍ട്ടനാണ്. 2014ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് 'തിയറി ഓഫ് എവരിതിങ്' ആദ്യപ്രദര്‍ശിപ്പിച്ചത്.  അസാധാരണ സത്യസന്ധത പുലര്‍ത്തുന്ന ഓര്‍മക്കുറിപ്പ് എന്നാണ് പലരും ജെയിന്റെ പുസ്തകത്തെ വിശേഷിപ്പിച്ചത്. തന്റെ ഭര്‍ത്താവിനെക്കുറിച്ച് വളരെ ബഹുമാനത്തോടുകൂടിയാണ് ജെയിന്‍ സംസാരിക്കുന്നത്.
സ്റ്റീഫനെ എല്ലാ അര്‍ഥത്തിലും നിലനിര്‍ത്തിയത് ജെയിനായിരുന്നു. എന്നാല്‍, നിരവധി കാര്യങ്ങള്‍ ഒരേ സമയം ചെയ്ത ജെയിന് സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നെന്ന് മനസ്സിലായത് ഏറെ വൈകിയാണ്. എല്ലായിടത്തും താന്‍  ഉണ്ടെങ്കിലും തനിക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതോടെ അവര്‍ സ്വയം കണ്ടെത്താനുള്ള ശ്രമത്തിലായി. സ്വന്തം വ്യക്തിത്വം കണ്ടെത്താന്‍ ശ്രമിച്ചതോടെ ജെയിന്‍ സ്വാര്‍ഥയായ പങ്കാളി എന്ന പഴി കേട്ടു. തിരക്കുപിടിച്ച ഭാര്യയായതിനാല്‍ കുട്ടികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ വിലപിച്ചു. കുട്ടികള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുമ്പോള്‍ സ്റ്റീഫന് സമയം നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് പരിതപിച്ചു. സ്റ്റീഫന്‍ ഹോക്കിങ്ങ് എന്ന സാധാരണ മനുഷ്യനെ തിരിച്ചറിയാന്‍ സഹായിക്കുന്ന പുസ്തകമാണ് 'ട്രാവലിങ് ടു ഇന്‍ഫിനിറ്റി'.
Next Story

RELATED STORIES

Share it