Idukki local

അനധികൃത പന്നിഫാമിനെതിരേ നാട്ടുകാര്‍ രംഗത്ത്

അടിമാലി: രണ്ടേക്കര്‍ സ്ഥലത്തെ കൂറ്റന്‍ പന്നിഫാം ജനവാസ കേന്ദ്രത്തിന് ഭീഷണിയാവുന്നതായി പരാതി. പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെതിരെ നാട്ടുകാര്‍ പന്നിഫാം ഉപരോധസമരം നടത്തുന്നു. കൊന്നത്തടി പഞ്ചായത്തിലെ രണ്ടാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പന്നിഫാമിനെതിരെയാണ് നാട്ടുകാര്‍ സംഘടിച്ച് പ്രത്യക്ഷ സമരം നടത്തുന്നത്. ജനുവരി 13ന്  പന്നിഫാം നാട്ടുകാര്‍ ഉപരോധിക്കും. കൊന്നത്തടി പഞ്ചായത്തിലെ ബീനാമോള്‍ റോഡിന് സമീപം കീരിപ്ലാക്കല്‍ തോമസിന്റെ സ്ഥലത്താണ് പന്നിഫാം പ്രവര്‍ത്തിക്കുന്നത്. കൊച്ചി പച്ചാളം ആനിക്കാട്ട് ജോണ്‍ മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പന്നിഫാം. 1500 ന് മുകളില്‍ പന്നികളാണ് ഈ ഫാമിലുള്ളത്. ദുസഹമായ ദുര്‍ഗന്ധത്തിനു പുറമെ പരിസ്ഥിതി മലിനീകരണം, കുടിവെള്ള മലിനീകരണം, കൊതുക് പെരുകല്‍ തുടങ്ങി മേഖലയില്‍ ജനജീവിതം ദുരിതമായി മാറിയിരിക്കുന്നതായി സമരസമിതി നേതാക്കളായ വിജയന്‍ വടയാറ്റില്‍, ബാബു കൊച്ചുപറമ്പില്‍, സജി കക്കരകുന്നേല്‍, രാജേഷ് വെള്ളാങ്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കലക്ടര്‍, ആരോഗ്യവകുപ്പ്, ഗ്രാമപ്പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ പരാതി നല്‍കിയിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരം ആരംഭിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. പന്നിഫാം നിര്‍ത്തലാക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതി തീരുമാനം. പൂകൃഷി ആരംഭിക്കാനാണ് സ്ഥലം വേലികെട്ടി തിരിക്കുന്നതെന്നായിരുന്നു പന്നിഫാം തുടങ്ങുന്നതിന് മുമ്പ് നാട്ടുകാരെ അറിയിച്ചിരുന്നത്.
Next Story

RELATED STORIES

Share it