Editorial

അനധികൃത നിര്‍മാണം തടയണം

14 പേര്‍ മൃതിയടഞ്ഞ കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടല്‍ കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നടക്കുന്ന അധികൃതവും അനധികൃതവുമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള അവസരമാണ്. അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തുകയുണ്ടായി. അഗ്നിശമനസേനയും പോലിസും ദുരന്തനിവാരണസേനയും കൈയും മെയ്യും മറന്ന് കോരിച്ചൊരിയുന്ന മഴയില്‍ സേവനമനുഷ്ഠിച്ചു. അവരുടെ കാര്യക്ഷമതയും സംഘാടനശേഷിയും പ്രശംസാര്‍ഹം തന്നെ. ദുരന്തവേളയില്‍ ജനങ്ങള്‍ കാണിച്ച ഐക്യവും സൗഹൃദവും കൂടുതല്‍ ക്രിയാത്മകമായ പരിസ്ഥിതി സൗഹൃദ യത്‌നങ്ങള്‍ക്ക് പ്രേരകമാവേണ്ടതുണ്ട്.
ദുരന്തങ്ങളുടെ യഥാര്‍ഥ കാരണങ്ങളെപ്പറ്റി സൂക്ഷ്മമായി പഠിക്കുന്നതിനും അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും പൊതുവില്‍ ഭരണകൂടം കാണിക്കുന്ന അനാസ്ഥമൂലം ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമൊക്കെ ഓരോ വര്‍ഷവും കടന്നുപോവുന്ന ദുരിതങ്ങളായി മാറുന്നു. കേരളത്തില്‍ ഭൂഘടനയില്‍ വന്ന മാറ്റങ്ങളെപ്പറ്റിയുള്ള രേഖകളൊക്കെ കാലഹരണപ്പെട്ടതാണ് എന്നു പറയപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാനകളിലൊന്നായ ഭൗമശാസ്ത്ര പഠനകേന്ദ്രം തയ്യാറാക്കിയ ഭൂപടം നോക്കി പ്രവചനം നടത്തിയാല്‍ കട്ടിപ്പാറയില്‍ സംഭവിച്ചതുപോലെയുള്ള കൂട്ടമരണങ്ങളേ ഉണ്ടാവൂ.
കേരളംപോലെ ചരിവുള്ള പ്രദേശങ്ങള്‍ ഏറെയുള്ള സംസ്ഥാനത്ത് ശാസ്ത്രീയമായ നിബന്ധനകള്‍ പാലിച്ചുകൊണ്ടല്ലാതെ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എത്രമാത്രം അപകടകരമാണെന്ന് ഗാഡ്ഗില്‍ റിപോര്‍ട്ട് പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, കര്‍ഷകവിരുദ്ധമെന്നു മുറവിളി കൂട്ടി പുതിയൊരു റിപോര്‍ട്ടുണ്ടാക്കുന്നതിനാണ് യുഡിഎഫ് ഭരണകൂടം മുതിര്‍ന്നത്.
കട്ടിപ്പാറയിലെ മലവെള്ളപ്പാച്ചിലിനു പ്രധാന കാരണം മലമുകളില്‍ നിര്‍മിച്ച 40 ലക്ഷം ലിറ്റര്‍ ജലം സൂക്ഷിക്കാന്‍ ശേഷിയുള്ള ജലസംഭരണിയാണെന്നു കേള്‍ക്കുന്നു. അത്തരമൊരു സംഭരണി നിര്‍മിക്കുന്നതിനെക്കുറിച്ച് നാട്ടുകാര്‍ ആശങ്കയുയര്‍ത്തിയെങ്കിലും തങ്ങള്‍ അക്കാര്യമറിഞ്ഞിട്ടുപോലുമില്ല എന്ന നാട്യത്തിലാണ് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും. ഒരു എംഎല്‍എ കക്കാടംപൊയിലില്‍ നടത്തുന്ന അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്ത് എല്ലാം ശരിയാക്കും എന്ന മട്ടിലാണ് ഉദ്യോഗസ്ഥര്‍.
ഖനനങ്ങള്‍ക്ക് അനുമതി നല്‍കുന്ന മൈനിങ് ആന്റ് ജിയോളജി വകുപ്പ് എന്തിനും അനുമതി നല്‍കുന്ന വകുപ്പാണെന്ന് അവരെ സമീപിക്കുന്നവര്‍ക്കൊക്കെ അറിയാം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം യാതൊരു നിയന്ത്രണവുമില്ലാതെ ക്വാറികള്‍ക്ക് അനുവാദം കൊടുക്കുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് തടയണ കെട്ടാനും വെള്ളമൂറ്റാനുമൊക്കെ പ്രത്യേക അനുവാദം വേണ്ട എന്നാണ് കട്ടിപ്പാറ മലഞ്ചരിവ് തന്നെ തെളിയിക്കുന്നത്. പരിസ്ഥിതിവാദികളൊക്കെ വെറും സ്വപ്‌നജീവികളാണെന്ന് സിദ്ധാന്തവാശി മൂക്കുമ്പോള്‍ ഇടതുപക്ഷ സൈദ്ധാന്തികര്‍ വാദിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it