kozhikode local

അനധികൃത ഗോഡൗണില്‍ ഗ്യാസ് ഇറക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

വടകര: ഏറമാല പഞ്ചായത്തിലെ മുയിപ്രയില്‍ പണിത ഗോഡൗണില്‍ പാചകവാതകം ഇറക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഗ്യാസ് ഗോഡൗണ്‍ അനധികൃതമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഇതിനെതിരെ സമരത്തിലാണ്. ജനവാസ കേന്ദ്രത്തില്‍ ഗ്യാസ് ഗോഡൗണ്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ ദീര്‍ഘകാലമായി സമരത്തില്‍. ഇതിനിടയിലാണ് ഈ ഗോഡൗണിലേക്ക് ഗ്യാസ് ഇറക്കാനുള്ള ശ്രമം നടത്തിയത്. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കെട്ടിട നിര്‍മാണ അനുമതി തേടിയെടുക്കുകയാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.
ഗ്യാസ് ഗോഡൗണ്‍ തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ലെന്നാണ് പഞ്ചായത്തിന്റെ വാദം. വാണിജ്യാവശ്യത്തിനാണ് അനുമതി നല്‍കിയത്. ഇതനുസരിച്ച് കെട്ടിടം പണിത ശേഷം ഗ്യാസ് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് നേടിയെടുക്കാനായി ശ്രമം.
പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ചതിനാല്‍ ഭരണസമിതിയും എതിര്‍പ്പിന്റെ പാതയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് പണിത കെട്ടിടത്തില്‍ അടുത്ത ദിവസം തന്നെ ഗ്യാസ് സൂക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതര്‍ എടച്ചേരി പോലിസിന്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഗ്യാസുമായി ലോറിയെത്തിയത്. ഇതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് ഗ്യാസ് ഇറക്കുന്നത് തടയുകയായിരുന്നു. ഇതിനിടെ ഗ്യാസ് ഏജന്‍സിയുടെ വക്താക്കളും നാട്ടുകാരും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. പോലിസെത്തിയാണ് രംഗം ശാന്തമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്‌കരനും സ്ഥലത്തെത്തി. വൈകുന്നേരത്തോടെ വീണ്ടും ഗ്യാസ് ഇറക്കാന്‍ ഇവര്‍ ശ്രമിച്ചതോടെ ക്ഷുഭിതരായ നാട്ടുകാര്‍ ഗോഡൗണ്‍ വളഞ്ഞു. സംഘര്‍ഷം കയ്യാങ്കളിയിലേക്കുത്തുമെന്ന ഘട്ടത്തില്‍ സ്ഥാപനമുടമ സിലിണ്ടറുകള്‍ മാറ്റാന്‍ തയ്യാറാവുകയായിരുന്നു.
Next Story

RELATED STORIES

Share it