malappuram local

അനധികൃത ക്വാറികള്‍ക്കെതിരേ ആത്മഹത്യാ ഭീഷണിയുമായി യുവാക്കള്‍

നിലമ്പൂര്‍: ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യുവാക്ക ള്‍ ക്വാറിക്ക് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. എടവണ്ണയിലെ പടിഞ്ഞാറേ ചാത്തല്ലൂര്‍ മുബാറക് കോളനിയിലാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി ഇവിടെ വന്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ ഏറനാട് തഹസില്‍ദാര്‍ പി സുരേഷ് ക്വാറിക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു.
എന്നാല്‍ ഇത് ലംഘിച്ച് ക്വാറി ഉടമ വീണ്ടും പ്രവര്‍ത്തമാരംഭിച്ചതാണ് പ്രദേശവാസികളായ കമ്പളവന്‍ ഹുദൈഫ്, വി എം ഷിനോജ് എന്നിവര്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെ ക്വാറിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് ഏറനാട് തഹസില്‍ദാര്‍, എടവണ്ണ എസ്‌ഐമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി യുവാക്കളോട് ക്വാറിയില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കലക്ടര്‍ വന്ന് ഉറപ്പ് നല്‍കാതെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു ഇവര്‍.
കലക്ടര്‍ ഫോണില്‍ ബന്ധപ്പെടുകയും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിക്കാമെന്നും അതുവരെ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാമെന്നും ഉറപ്പ് നല്‍കിയതോടെയാണ് വൈകുന്നേരം നാലരയോടെ യുവാക്കള്‍ ക്വാറിയുടെ മുകളില്‍ നിന്നും താഴെയിറങ്ങിയത്. വണ്ടൂര്‍ സിഐ വി ബാബുരാജ് ഇവരെ കസ്റ്റഡിയിലെടുത്തു. അധികൃതര്‍ നടപടി സ്വീകരിക്കുന്ന സമയത്തും സ്വകാര്യ ക്വാറിയുടമ കരിങ്കല്‍ നിറച്ച് ലോറികള്‍ പുറത്തേക്ക് വിടുന്നുണ്ടായിരുന്നു.
ചാത്തല്ലൂര്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് റവന്യു ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെയാണ് ക്വാറി സ്‌റ്റോപ് മെമ്മോ മറികടന്ന് പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ചത്.
പ്രധാനപ്പെട്ട ജനപ്രതിനിധികളാരും തന്നെ ജനരോഷം ഭയന്ന് സംഭവസ്ഥലത്തേക്ക് എത്തിയതുമില്ല. ആറ് മണിക്കൂറോളമാണ് യുവാക്കള്‍ ജീവന്‍ പണയം വെച്ച് ക്വാറി പൂട്ടണമെന്നാവശ്യപ്പെട്ട് സമരത്തില്‍ ഉറച്ച് നിന്നത്.
Next Story

RELATED STORIES

Share it