thrissur local

അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ കോര്‍പറേഷന്‍ നടപടി ശക്തമാക്കി

തൃശൂര്‍: അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കോര്‍പ്പറേഷ ന്‍ നടപടി ശക്തമാക്കി. പാട്ടുരായ്ക്കല്‍ ജംഗ്ഷനിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിവാക്കി.കഴിഞ്ഞ ദിവസം കിഴക്കേ കോട്ട ജംഗ്ഷനിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. റവന്യു ഓഫീസര്‍ എം.എന്‍.സഞ്ജയന്റെ നേതൃത്വത്തില്‍ റവന്യു എഞ്ചിനീയറിങ്ങ്-ആരോഗ്യവിഭാഗങ്ങള്‍ സംയുക്തമായാണ് കയ്യേറ്റങ്ങള്‍ നീക്കുന്നത്.
പാട്ടുരായ്ക്കല്‍ ജംഗ്ഷനിലെ കോര്‍പ്പറേഷന്റെ നാല് കെട്ടിടങ്ങളോട് ചേര്‍ന്നുള്ള കയ്യേറ്റങ്ങളെല്ലാം ഇന്നലെ നീക്കം ചെയ്തു. കടമുറികളില്‍ നിന്നുറക്കി വരാന്തകള്‍ കയ്യേറിയുള്ള കച്ചവടം, കടകളോട് ചേര്‍ന്ന് ഫുട്പാത്തുകള്‍ കയ്യേറിയുള്ള കയ്യേറ്റനിര്‍മ്മാണങ്ങള്‍ എന്നിവയാണ് നീക്കിയത്. കയ്യേറ്റങ്ങള്‍ നീക്കം ചെയ്യുന്നവിവരം അറിയിച്ച് വ്യാഴാഴ്ച്ച തന്നെ വ്യാപാരികള്‍ക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതനുസരിച്ച് നിരവധി കച്ചവടക്കാര്‍ സ്വയം തന്നെ കയ്യേറ്റങ്ങള്‍ ഒഴിവാക്കി. അല്ലാത്തവയാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നേരിട്ട് പൊളിച്ചുനീക്കിയത്.
സെക്രട്ടറി ഇന്‍ചാര്‍ജ് വിനു സി.കാപ്പന്റെ ഉത്തരവനുസരിച്ച് റവന്യു ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന നടപടിയില്‍ അസി.എഞ്ചിനീയര്‍ അജയകുമാര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ ടി.ജെ.പോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.എസ്.റോബര്‍ട്ട് ആരോഗ്യവിഭാഗം തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
കോര്‍പ്പറേഷന്റെ മുഴുവന്‍ പ്രദേശങ്ങളിലുമുള്ള കയ്യേറ്റങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കാന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെട്ടിട പരിപാലന സമിതികളുടെ യോഗം തീരുമാനിച്ചു. കോര്‍പ്പറേഷന്റെ വക 72 കെട്ടിടങ്ങള്‍ക്ക് പരിപാലന സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. അതിലെ 11 കെട്ടിടങ്ങളുടെ പരിപാലന സമിതികളാണ് വ്യാഴാഴ്ച്ച യോഗം ചേര്‍ന്ന് കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് തീരുമാനിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കാനും തീരുമാനമുണ്ടായി.  കയ്യേറ്റങ്ങള്‍ സ്വയമേവ പൊളിച്ചുകളഞ്ഞ് സഹകരിച്ച് നടപടി ഒഴിവാക്കാന്‍ കയ്യേറ്റ വ്യാപാരികളോട് യോഗം അഭ്യര്‍ത്ഥിച്ചു.
ഉദ്യോഗസ്ഥര്‍ക്കു പുറമെ കൗണ്‍സിലര്‍മാരും കച്ചവടക്കാരുടേയും ജീവനക്കാരുടേയും പ്രതിനിധികളടങ്ങുന്നതാണ് കെട്ടിട പരിപാലന സമിതി. അടുത്ത ഘട്ടമായി കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാവിഭാഗങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് കയ്യേറ്റങ്ങള്‍ക്കെതിരായ ഇതുപോലെ നടപടി കോര്‍പ്പറേഷനില്‍ ആദ്യമാണ്.
Next Story

RELATED STORIES

Share it