palakkad local

അനധികൃത കുപ്പിവെള്ളക്കമ്പനികള്‍ പെരുകുന്നു ; അധികൃതര്‍ക്കു നിസ്സംഗത



ഒലവക്കോട്:  വേനല്‍ കനത്തതോടെ അനധികൃത കുപ്പിവെള്ള കമ്പനികള്‍ കൂണുപോലെ പെരുകുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കുപ്പിവെള്ള കമ്പനികള്‍ വില്‍പന നടക്കുന്നത്. പരിശോധനകള്‍ നടത്തേണ്ട ആരോഗ്യവകുപ്പ് അധികൃതരും ഇതുകണ്ടില്ലെന്നു നടിക്കുകയാണ്. ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളാണ് ഭൂരിഭാഗവും നിലവില്‍ വിപണിയിലുള്ളത്. കുപ്പിവെള്ള വില്‍പന വഴി വന്‍ലാഭമാണ് ഈ മേഖലയിലുള്ളവര്‍ നേടുന്നത്. ലൈസന്‍സുപോലും ഇല്ലാതെയാണ് ഭൂരിഭാഗവും വിപണിയില്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. കത്തുന്ന വേനലിനെ മറയാക്കി ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനാണ് കുപ്പിവെള്ള മാഫിയകളുടെ ശ്രമം. മതിയായ രീതിയില്‍ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശാസ്ത്രീയ പ്രക്രിയകള്‍ നടത്തേണ്ടതുമായ കാര്യങ്ങളൊന്നും ചെയ്യാതെയാണ് ഇത്തരക്കാര്‍ പൊതുവിപണിയില്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. ഏറ്റവും ലാഭകരമായതും കാര്യമായ മുതല്‍ മുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്‍പന. പൊതുജനാരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ കുപ്പിവെള്ളമാണ് ഇപ്പോള്‍ വിപണിയിലധികവും. ഈ സാഹചര്യം ആദ്യംതിരിച്ചറിഞ്ഞത് റെയില്‍വേയാണ്. ഇതു കൊണ്ടുതന്നെ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പുറമേ നിന്നുള്ള കുപ്പിവെള്ള വില്‍പന നിരോധിക്കുകയും ചെയത്. കുപ്പിവെള്ളം ലിറ്ററൊന്നിന് 20 രൂപയാണ് ഈടാക്കിവരുന്നത്. 20 ലിറ്ററിന്റെ വലിയ ബോട്ടിലിന് 50രൂപയാണ് ഈടാക്കുന്നത്. ഓരോ വേനല്‍ക്കാലത്തും ഇവയുടെ വിലയില്‍ കമ്പനികള്‍ വര്‍ധനവ് വരുത്താറുമുണ്ട്.   ഇതില്‍ ബോട്ടിലിങും ജലലഭ്യതയും പരിസര ശുചിത്വവും ശുദ്ധീകരണ സംവിധാന കാര്യങ്ങളോ ഒന്നും ആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. കുപ്പിവെള്ളവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഒരു പരിശോധനയും നടക്കുന്നില്ല.  ഉപയോഗിച്ചു കഴിഞ്ഞ ബോട്ടിലുകളാണ് ഇവര്‍ വീണ്ടും വെള്ളം നിറയ്ക്കാന്‍ ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്.  മോശം സാഹചര്യത്തിലും പരിസര ശുചിത്വമില്ലാതെയും ശുദ്ധീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരു പ്രതിബദ്ധതയുമില്ലാതെയാണ് മാലിന്യവെള്ളം കുപ്പികളിലാക്കി വില്‍ക്കുന്നതെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it