palakkad local

അനധികൃത കരിങ്കല്‍ ക്വാറികള്‍ നിര്‍ത്തണമെന്ന ഉത്തരവ് നടപ്പായില്ല

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: പ്രത്യേക സംരക്ഷിത വനമേഖലയായ ചൂലനൂര്‍ മയില്‍ സങ്കേതത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള അനധികൃത കരിങ്കല്‍ ക്വാറികള്‍ നിര്‍ത്തണമെന്ന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് നടപ്പായില്ല. തൃശൂര്‍ ജില്ലയിലെ തിരുവില്വാമല, പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, തരൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാരാണ് നടപടി എടുക്കേണ്ടിയിരുന്നത്. പീച്ചി വന്യ ജീവി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ ഒ സണ്ണി ഒക്ടോബര്‍ 16നാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 1972ലെ വന്യജീവി സംരക്ഷണ നിയമം സെക്്ഷന്‍ 34ലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ് പ്പിക്കുകയും നടപടിയുടെ പുരോഗതി അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നാല് ഗ്രാമപ്പഞ്ചായത്തുകളിലെയും അനധികൃത 13 ക്വാറികളുടെയും ക്രഷറുകളുടെയും പട്ടിക ഉത്തരവിനൊപ്പം ചേര്‍ത്തിരുന്നു. ഉത്തരവ് ഇറങ്ങി 50 ദിവസമായിട്ടും ഗ്രാമപ്പഞ്ചായത്തു ഭരണ സമിതിയോഗങ്ങളില്‍ ഇത് അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുക പോലും ഉണ്ടായില്ല. തിരുവില്വാമല ഗ്രാമപ്പഞ്ചായത്തിലെ മലേശമംഗലത്ത് ഏഴും പാമ്പാടിയില്‍ രണ്ടും ചീരക്കുഴിയില്‍ ഒന്നും അനധികൃത ക്വാറി, ക്രഷര്‍ യൂനിറ്റുകളാണുള്ളത്. പെരിങ്ങോട്ടുകുറിശ്ശിയിലെ നടുവത്തപ്പാറയിലും കുത്തനൂരിലെ നെച്ചൂരിലും തരൂരിലെ പഴമ്പാലക്കോടുമാണ് ഇത്തരം ഓരോ സ്ഥാപനങ്ങള്‍ ഉള്ളത്. വനം വകുപ്പിന്റെ ജണ്ടയിട്ടതില്‍ നിന്ന് 30 മീറ്റര്‍ ചുറ്റളവില്‍ വരെ പാറമടകളുണ്ട്. മയില്‍ സങ്കേതിന് ചുറ്റളവില്‍ എത്ര പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജിപിഎസ് റീഡിങ് സംവിധാനം വഴിയാണ് കണ്ടെത്തിയത്.
Next Story

RELATED STORIES

Share it