kozhikode local

അനധികൃതമായി സര്‍വീസ് നടത്തിയ എട്ട് വാഹനങ്ങള്‍ പിടികൂടി

നാദാപുരം: സ്‌കൂള്‍ ബസ്സുകളില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച്‌കൊണ്ട് പോകുന്നെന്ന പരാതിക്കിടെ പരിശോധനയ്ക്കായി നിര്‍ത്തിയ സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പാറക്കടവ് വളയം റോഡില്‍ ഇന്നലെ വൈകുന്നേരമാണ് മോട്ടോര്‍ വാഹന വകുപ്പുകാരെ വെട്ടിലാക്കിയ സംഭവം അരങ്ങേറിയത്. താനക്കോട്ടൂര്‍ യു പി സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 58 എഫ് 2498 മിനി ബസ്സിന്റെ ഡ്രൈവറാണ്  പരിശോധനക്കിടെ കുട്ടികളെയും വാഹനവും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.
അധികൃതര്‍ നടത്തിയ പരിശോധനയില്‍ 17 വിദ്യാര്‍ഥികളെകൊണ്ട് പോകാന്‍ അനുമതിയുള്ള വാഹനത്തില്‍ 48 കുട്ടികളെ കുത്തി നിറച്ചതായി കണ്ടെത്തി. ഈ വാഹനത്തിന് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റോ ടാക്‌സ് റസീറ്റോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. ഡ്രൈവര്‍ മദ്യപിച്ചതായി സംശയമുണ്ടെന്നും അത്‌കൊണ്ടാവാം ഓടി രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 48 കുട്ടികളെയും ഉദ്യോഗസ്ഥര്‍ തന്നെയാണ് ഓരോരുത്തരുടെയും വീടുകളില്‍കൊണ്ട് വിട്ടത്. വാഹനം കസ്റ്റഡിയിലെടുത്ത് നാദാപും പോലിസിന് കൈമാറി.
വിദ്യാര്‍ഥികളെ കുത്തി നിറച്ച നിലയില്‍ മറ്റ് മൂന്ന് വാഹനങ്ങളും ഫിറ്റനസ്സ് സര്‍ട്ടിഫിക്കറ്റില്ലാത്തതും ആയമാരില്ലാതെ സര്‍വ്വീസ് നടത്തിയ രണ്ട് വാഹനങ്ങളും അധികൃതര്‍ പടികൂടി.സ്വകാര്യ വാഹനത്തില്‍ വിദ്യാര്‍ഥികളെകൊണ്ട് പോകുകയായിരുന്ന മൂന്ന് വാഹനങ്ങളും അധികൃതരുടെ പിടിയിലായി.
ഇവയ്‌ക്കെല്ലാം പിഴ ചുമത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എംവിഐമാരായ എ ആര്‍ രാജേഷ്, അജില്‍ കുമാര്‍, എഎംവിഐ വി ഐ അസ്സിം എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it