അധ്യാപന ജോലിയില്‍ നിന്ന് വിരമിക്കാന്‍ സ്പീക്കര്‍ക്ക് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അധ്യാപന ജോലിയില്‍ നിന്നു സ്വയംവിരമിക്കല്‍ പദ്ധതി പ്രകാരം വിരമിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഇനിയും അഞ്ചുവര്‍ഷം ബാക്കിനില്‍ക്കെയാണ് ശ്രീരാമകൃഷ്ണന് സ്വയം വിരമിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതുസംബന്ധിച്ചു സ്പീക്കര്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.
പി ശ്രീരാമകൃഷ്ണന്‍ മലപ്പുറം ജില്ലയിലെ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ മേലാറ്റൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ്. അധ്യാപനത്തില്‍ നിന്ന് അവധിയെടുത്താണ് അദ്ദേഹം  പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മല്‍സരിച്ചത്.
2011ലാണ് ശ്രീരാമകൃഷ്ണന്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2016ല്‍ വീണ്ടും ഈ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷ ന്‍(കില) ജീവനക്കാര്‍ക്ക് 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം അനുവദിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റിലെ ജീവനക്കാര്‍ക്ക് 2014 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം അനുവദിക്കും. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റല്‍ കേരള പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പ്രഫസര്‍ കേശവന്‍ വെളുത്താട്ടിനെ പുനര്‍നിയമന വ്യവസ്ഥയില്‍ മുസിരിസ് പ്രൊജക്ട് ലിമിറ്റഡില്‍ കണ്‍സള്‍ട്ടന്റായി നിയമിക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it