kozhikode local

അധ്യാപകര്‍ മദ്യം കടത്തിയതായുള്ള ആരോപണം സ്‌കൂളിനെ തകര്‍ക്കാനെന്ന്

താമരശ്ശേരി: കോടഞ്ചേരി ചെമ്പുകടവ് ഗവ. യുപി സ്‌കൂളിലെ അധ്യാപകര്‍ വിനോദ യാത്രക്കിടെ മദ്യം കടത്തിയതായി ആരോപണം. മാഹിയില്‍ നിന്നും മദ്യം വാങ്ങി കടത്തിയെന്നും എക്‌സൈസിന്റെ പിടിയിലായെന്നും ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ ഉപരോധിക്കുകയും സ്‌കൂളിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു.
പിടിഎയുടെ പരാതിയെ തുടര്‍ന്ന് മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് അധ്യാപകര്‍ക്കെതിരേ മദ്യക്കടത്ത് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയത്. സ്‌കൂളില്‍ നിന്നും വിനോദ യാത്രക്കുപോയ സംഘം മടങ്ങുന്നതിനിടെ മാഹിയില്‍ നിന്നും മദ്യം കടത്തിയെന്നും വഴിയില്‍ എക്‌സൈസിന്റെ പിടിയിലായെന്നുമാണ് ആരോപണം. ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയില്‍ സ്‌കൂളിലെ അറ്റന്ററായ നിധിന്റെ ബേഗില്‍ നിന്നും കുപ്പി പിടികൂടിയെന്നും നിധിനെയും പിടിഎ പ്രസിഡന്റിനെയും താക്കീത് ചെയ്ത് വിട്ടയച്ചെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
തിങ്കളാഴ്ച ഉച്ചയോടെ ഗ്രാമപ്പഞ്ചയാത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തുകയും ആരോപണ വിധേയരായ അധ്യാപകരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് അബ്ബാസ് സ്ഥലത്തെത്തുകയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അധ്യാപകരെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വ്യക്തമാക്കി. പോലിസ് ഇടപെട്ടതോടെയാണ് യുഡിഎഫ് നിലപാട് മാറ്റിയത്.
അധ്യാപകരും പിടിഎ പ്രസിഡന്റും വിനോദ യാത്രക്കിടെ മദ്യപിച്ചുവെന്നും കുട്ടികളുടെ ബേഗില്‍ ഉള്‍പ്പെടെ മദ്യം ഒളിപ്പിച്ച് കടത്തിയെന്നും  പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പറഞ്ഞു. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പതിവു പരിശോധനയാണ് നടത്തിയതെന്നും ബേഗില്‍ നിന്നും പഴം മാത്രമാണ് കണ്ടെത്തിയതെന്നും അറ്റന്റര്‍ നിധിന്‍ വ്യക്തമാക്കി. പിടിഎയുടെ പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന്്്  അധ്യാപകരെ അടുത്തിടെ സസ്‌പെന്റ് ചെയ്തിരുന്നു. അപമാനിക്കാന്‍ ശ്രമിച്ചുവെന്ന അധ്യാപികയുടെ പരാതിയില്‍ പിടിഎ പ്രസിഡന്റ ിനെതിരെയും വിദ്യാഭ്യാസ ഉപഡയറക്ടറുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷക്കെതിരെയും  കേസെടുത്തിരുന്നു. പോലിസ് നടപടിക്കെതിരേ യുഡിഎഫ് സ്റ്റേഷനുമുന്നില്‍ ഉപവാസ സമരം നടത്തുകയും ചെയ്തു.
സിപിഎം അനുകൂല സംഘടനാ പ്രവര്‍ത്തകരായ അധ്യാപകര്‍ക്കും പിടിഎ പ്രസിഡന്റിനുമെതിരേ മദ്യക്കടത്ത് ആരോപണവുമായി യുഡിഎഫ് രംഗത്തെത്തയിത്. മലയോര മേഖലയിലെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Next Story

RELATED STORIES

Share it