kannur local

അധ്യാപകര്‍ ജനസംഖ്യാ കണക്കെടുപ്പില്‍; സ്‌കൂളുകളില്‍ അധ്യയനം താളംതെറ്റി

ഇരിക്കൂര്‍: വിവിധ മേളകള്‍ക്ക് പുറമെ ക്രിസ്മസ് പരീക്ഷയുടെ തയ്യാറെടുപ്പ് നടക്കുന്ന വേളയില്‍ അധ്യാപകരെ ജനസംഖ്യാ കണക്കെടുപ്പിനു നിയോഗിച്ചതോടെ സ്‌കൂളുകളില്‍ അധ്യയനം താളംതെറ്റി. എല്‍പി, യുപി സ്‌കൂള്‍ അധ്യാപകരെയാണ് സെന്‍സസ് ജോലിക്ക് നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രണ്ടുവര്‍ഷം മുമ്പ് നടന്ന എന്‍പിആര്‍ വിവരശേഖരണത്തില്‍ ആധാര്‍ നമ്പര്‍കൂടി ഉള്‍പ്പെടുത്താനാണ് വിവരശേഖരണം നടത്താന്‍ അധ്യാപകരെ ചുമതലപ്പെടുത്തിയത്. 200 വീടുകള്‍ എട്ടുദിവസം കൊണ്ടോ 16 പകുതി ജോലി ദിവസം കൊണ്ടോ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
അര്‍ധവാര്‍ഷിക പരീക്ഷ ഈമാസം 10ന് തുടങ്ങാനിരിക്കെ അധ്യാപകര്‍ സ്‌കൂളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അധ്യയനത്തെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഈമാസം ഒന്നുമുതല്‍ 24 വരെയാണ് സര്‍വേ ഡ്യൂട്ടി. ഇതേ കാലയളവിലാണ് മിക്ക ഉപജില്ലകളിലും ജില്ലാ തലത്തിലും കായിക-കലോല്‍സങ്ങള്‍ നടക്കുന്നത്. രണ്ടാംഘട്ട പാഠപുസ്തകങ്ങള്‍ എത്താന്‍ താമസിച്ചതിനാല്‍ സ്‌കൂളുകളില്‍ അധ്യയനം പാതിവഴിയിലാണ്. സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങളും തീര്‍ക്കാനാവുന്നില്ല.
എന്‍പിആറില്‍ ആധാര്‍ നമ്പര്‍കൂടി ചേര്‍ക്കാന്‍ വേണ്ടി ക്ലാസ് മുടക്കി അധ്യാപകരെ നിയോഗിച്ചിരിക്കുന്നത് നീതീകരിക്കാനാവില്ലെന്നും ക്രിസ്മസ് പരീക്ഷ മാറ്റിവയ്ക്കണമെന്നുമാണ് വിവിധ അധ്യാപക സംഘടനകളുടെ ആവശ്യം.
Next Story

RELATED STORIES

Share it