അധ്യാപകരുടെ ശമ്പള വര്‍ധന: വിശദീകരണം നല്‍കണം- മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ പ്രവര്‍ത്തിക്കുന്ന യോഗ്യരായ അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്ക് കൂടി ബാധകമാക്കണം എന്ന വിഷയം പരിശോധിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന  മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നു കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. സ്വാശ്രയ മേഖലയില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കു പ്രതിമാസം ലഭിക്കുന്നത് 12,000 രൂപ മാത്രമാണ്. സ്വകാര്യ സ്‌കൂളുകളിലും ഇതായിരുന്നു സ്ഥിതി. ഇതില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് തയ്യാറായി. എയ്ഡഡ് മേഖലയേക്കാള്‍ അധ്യാപകര്‍ സ്വാശ്രയ കോളജുകളില്‍ പഠിപ്പിക്കുന്നുണ്ട്. എയ്ഡഡ് മേഖലയേക്കാള്‍ കൂടുതല്‍ കോളജുകളും വിദ്യാര്‍ഥികളും ഉള്ളത് സ്വാശ്രയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലാണ്. സര്‍വകലാശാല പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം സ്വാശ്രയ മേഖലയിലെ അധ്യാപകര്‍ക്ക് സര്‍വകലാശാലകള്‍ നല്‍കിവരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവരുടെ യോഗ്യതയില്‍ തര്‍ക്കമില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it