Kottayam Local

അധികൃതര്‍ നിസ്സംഗതയില്‍ : വൈക്കം ടിവി പുരത്ത് രണ്ട് ബോട്ട് ജെട്ടികള്‍ അനാഥമായിട്ട് വര്‍ഷങ്ങള്‍



വൈക്കം: വൈക്കത്ത് പേരുകേട്ട രണ്ട് ബോട്ട്‌ജെട്ടികള്‍ അനാഥമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ചരിത്രത്തിന്റെ ബാക്കിപത്രമായി നിലകൊള്ളുന്ന ടിവി പുരം പഞ്ചായത്തിലെ ടിവി പുരം ഫെറി, തൃണയംകുടം ഫെറി എന്നിവയാണ് ഇന്ന് പ്രവര്‍ത്തനരഹിതമായി നിലകൊള്ളുന്നത്. ഈ ജെട്ടികളില്‍ നിന്ന് മാന്നാനം, ആലപ്പുഴ, ചങ്ങനാശ്ശേരി, എറണാകുളം, തണ്ണീര്‍മുക്കം, വൈക്കം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്നത് ഇന്ന് പഴയകാല ഓര്‍മകള്‍ മാത്രമാണ്.
വാഹന സൗകര്യം ഇന്നത്തെ പോലെ സുലഭമല്ലാതിരുന്ന കാലത്ത് ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലേക്കുള്ള ഏകമാര്‍ഗം ഈ ജലപാതയായിരുന്നു. കയര്‍, തഴപ്പായ നെയ്ത്തുകാര്‍, കാര്‍ഷിക മേഖലകളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങി ജനങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചേരുവാനുള്ള പാത കൂടിയായിരുന്നു. കരമാര്‍ഗ യാത്രക്ക് സൗകര്യം ഏറിയതോടെ ഈ ജെട്ടികളില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ ബോട്ട് സര്‍വീസുകള്‍ പലതും നിന്നു. ടിവി പുരം, മൂത്തേടത്തുകാവ്, ചെമ്മനത്തുകര എന്നീ മൂന്ന് മേഖലകള്‍ അടങ്ങിയതാണ് ടിവി പുരം പഞ്ചായത്ത്.
എന്നാല്‍ പഞ്ചായത്തില്‍ വേണ്ടത്ര യാത്രാ സൗകര്യങ്ങളില്ല. കരിയാര്‍ സ്പില്‍വേ യാഥാര്‍ത്ഥ്യമായതോടെ കൂടുതല്‍ ഗതാഗതസൗകര്യവും വികസനവും വരുമെന്ന കണക്കുകൂട്ടല്‍ പിഴച്ചു. ഈ ജെട്ടിയിലെ ബോട്ട് സര്‍വീസുകള്‍ നിലച്ചപ്പോള്‍ ബദല്‍ സംവിധാനം ഉണ്ടാക്കാന്‍ അധികാരികള്‍ക്ക് സാധിച്ചില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറുകണക്കിന് യാത്രക്കാരാണ് ജലഗതാഗതത്തെ ആശ്രയിച്ചിരുന്നത്. സ്വകാര്യ മേഖലയിലെ 19 ബോട്ടുകളാണ് ഇവിടെ സര്‍വീസ് നടത്തിയിരുന്നത്.
പിന്നീട് ജല ഗതാഗത വകുപ്പും പഞ്ചായത്തും സംയുക്തമായി സര്‍വീസ് ഏറ്റെടുത്തു നടത്തി. പിന്നീടിത് എട്ട് ബോട്ടുകളായി ചുരുങ്ങുകയും കാലക്രമേണ ഈ സര്‍വീസുകളും നിലച്ചു.
ഈ ബോട്ട്‌ജെട്ടി പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ ഏറെ വികസന സാധ്യതകള്‍ ഇവിടെ ഉണ്ടാകും.
അതുപോലെ തൃണയംകുടവും ആലപ്പുഴ ജില്ലയിലെ വാരനാടുമായി ബന്ധിപ്പിച്ച് ജങ്കാര്‍ സര്‍വീസ് ആരംഭിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുത്താല്‍ സാമ്പത്തികനേട്ടവും യാത്രാ സൗകര്യവുമുള്ള പഞ്ചായത്തായി ടിവി പുരം മാറും.
Next Story

RELATED STORIES

Share it