kasaragod local

അധികാര വികേന്ദ്രീകരണം: മുന്‍ തദ്ദേശഭരണ മന്ത്രിമാരുടെ കൂടിച്ചേരല്‍ നവ്യാനുഭവമായി

കാസര്‍കോട്്: ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് യഥാര്‍ത്ഥ്യമാക്കാന്‍ അധികാരം താഴെതട്ടിലേക്ക് പതിച്ചുനല്‍കുന്നതിന് നേതൃത്വം നല്‍കിയ മൂന്ന് മുന്‍ തദ്ദേശസ്വയംഭരണ മന്ത്രിമാരുടെ കൂടിച്ചേരല്‍ നവ്യാനുഭവമായി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നിയമസഭ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലാണ് മുന്‍മന്ത്രിമാര്‍ അണിനിരന്നത്. അധികാരം താഴെക്കിടയിലേക്ക് പതിച്ചുനല്‍കുന്ന ബില്‍ അവതരിപ്പിച്ച കെ കരുണാകരന്‍ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന സി ടി അഹമ്മദലി, കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് ഗ്രാമീണ മഹിളകളുടെ പട്ടിണിമാറ്റാന്‍ നിയമം ഭേദഗതി ചെയ്ത 2003 കായലളവില്‍ മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കെ കുട്ടി അഹമ്മദ് കുട്ടി എന്നിവരാണ് ഒരേവേദിയില്‍ അണിനിരന്നത്. അധികാരം താഴെതട്ടിലേക്ക് പതിച്ചുകിട്ടിയിട്ടും ഗ്രാമസഭകള്‍ ഭീതികൂടാതെ നടത്താനാവാത്തത് പോരായ്മയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി അധികാരം താഴെതട്ടിലേക്ക് പതിച്ചുനല്‍കിയ ബില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച സി ടി അഹമ്മദലിയുടേയും തദ്ദേശസ്വയംഭരണ വകുപ്പില്‍ നിരവധി പരിഷ്‌ക്കാരങ്ങളും കുടുംബശ്രീയുടെ വ്യാപനവും നടത്തിയ ചെര്‍ക്കളം അബ്ദുല്ലയുടേയും ചെര്‍ക്കളത്തിന് ശേഷം അതേ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ മന്ത്രിയായി നിയമസഭയില്‍ നിരവധി ബില്ലുകള്‍ അവതരിപ്പിച്ച കുട്ടി അഹമ്മദ് കുട്ടിയുടേയും കൂടിചേരലുകള്‍ കാസര്‍കോടിന് പുതിയ അനുഭവം പകര്‍ന്നു. ചെര്‍ക്കളം അബ്ദുല്ലയെ ചടങ്ങില്‍ ആദരിച്ചു. ഒരേ വീട്ടില്‍ നിന്നുള്ള രണ്ട് മുന്‍ എംഎല്‍എമാരേയും ചടങ്ങില്‍ ആദരിച്ചു. ഹൊസ്ദുര്‍ഗ് സംവരണ മണ്ഡലത്തിലെ എംഎല്‍എമാരായിരുന്ന എം നാരായണന്‍, സഹോദരന്‍ എം കുമാരന്‍, മുന്‍ എംഎല്‍എമാരായ കെ പി കുഞ്ഞിക്കണ്ണന്‍, സത്യന്‍മൊകേരി എന്നിവരേയും ചടങ്ങില്‍ ആദരിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, അഡ്വ. ശ്രീകാന്ത്, ഡോ. ജോയി ഇളമന്‍, എ അബ്ദുല്‍കരീം, ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബു, എല്‍ എ മഹമൂദ് ഹാജി, ടി എ ശാഫി സംബന്ധിച്ചു.
Next Story

RELATED STORIES

Share it