kozhikode local

അത്യാധുനിക സൗകര്യങ്ങളുമായി ഉദരരോഗവിഭാഗം

ഇ രാജന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളുമായി ഉദരഗോഗവിഭാഗം. രോഗനിര്‍ണയത്തിന് നൂതന സംവിധാനങ്ങള്‍, അത്യാധുനിക ഉപകരണങ്ങള്‍, രോഗികള്‍ക്ക് കിടക്കാനും കുട്ടിരിപ്പുകാര്‍ക്ക് വിശ്രമിക്കാനും പരിശോധനകള്‍ക്കെത്തുന്നവര്‍ക്ക് ഇരിക്കാനുമെല്ലാമുള്ള പ്രത്യേക സൗകര്യങ്ങളും ഇവിടെയുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ അഞ്ചാം നിലയിലാണ് ഉദരരോഗവിഭാഗം ഒരുക്കിയിരിക്കുന്നത്.
മെഡിക്കല്‍ കോളജിന്റെ വികസനത്തില്‍ ഉദര രോഗവിഭാഗത്തിന്റെ നവീകരണം മാതൃകയാകുന്നു. കരള്‍മാറ്റശസ്ത്രക്രിയാ തിയേറ്ററിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരത്തെ മെഡിക്കല്‍കോളജ് ആശുപത്രിയുടെ ഒപി ബ്ലോക്കിനോട് ചേര്‍ന്ന് പരിമിതമായ സൗകര്യത്തിലാണ് ഉദരരോഗവിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.
മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രനാണ് ഉദരരോഗവിഭാഗത്തിന് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ സ്ഥലം അനുവദിച്ചത്. വകുപ്പുമേധാവിയായി റിട്ടയര്‍ ചെയ്ത ഡോ. വര്‍ഗ്ഗീസ് തോമസിന്റെയും ഡോ. ടി എം രാമചന്ദ്രന്റേയും പരിശ്രമഫലമാണ് ഉദരരോഗവിഭാഗം അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്.
മറ്റു മെഡിക്കല്‍ കോളജുകളിലും ഇതേ സംവിധാനവും സൗകര്യവും ഒരുക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. കല്ല്, കാന്‍സര്‍ എന്നിവമൂലം പിത്തക്കുഴലിലുണ്ടാകുന്ന തടസ്സം നീക്കാന്‍ നേരത്തെ ശസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. ഇപ്പോള്‍ ഇആര്‍സിപി പരിശോധനയിലൂടെ രോഗനിര്‍ണ്ണയം തുടര്‍ചികില്‍സയും നടത്താന്‍ പറ്റുന്ന ഒരേ സമയം നാലു എന്‍ഡോസ്‌കോപ്പി തിയേറ്ററുകളിലാണ് പരിശോധന നടത്തുന്നത്. സോണോഗ്രഫി, ക്യാപ്‌സൂള്‍ എന്‍ഡോസ്‌കോപി, ലാപ്പറോസ്‌കോപ്പി എന്നിവ ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്.
എന്‍ഡോസ്‌കോപി കഴിഞ്ഞ രോഗികളില്‍ നിരീക്ഷണം ആവശ്യമുള്ളവരെ കിടത്താന്‍ പ്രത്യേക സൗകര്യവുമുണ്ട്. ഓരോ പരിശോധനയ്ക്കു ശേഷവും ട്യൂബ് ഉള്‍പ്പെടെ കഴുകാന്‍ ഓട്ടോമാറ്റിക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളോടു പോലും കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക സൗകര്യത്തോടെയുള്ള തീവ്രപരിചരണവിഭാഗമാണ് ഇവിടെ ഒരുക്കിയത്. 16 കട്ടിലുകളുണ്ട്. വെന്റിലേറ്റര്‍, സ്‌കാനിങ് ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങളാണ് ഇവിടെയുള്ളത്.
കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനവുമുണ്ട്. ഇതിനു പുറമെ കരള്‍മാറ്റശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കിടത്തുന്നതിനു മൂന്നു കട്ടിലുകളുള്ള ട്രാന്‍സ്പ്ലാന്റ് ഐസിയുവുമുണ്ട്. രോഗികളുടെ മാനസിക വിഷമങ്ങള്‍ ഒഴിവാക്കാന്‍ മ്യൂസിക് സിസ്റ്റ്‌റം, എഫ്എം റേഡിയോ സിസ്റ്റം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ വാര്‍ഡ് ഒഴികെ മറ്റു സ്ഥലങ്ങളിലായി 22 നിരീക്ഷണ ക്യാമറകള്‍ ഇവിടെയുണ്ട്.
പ്രത്യേക സെന്‍സര്‍ റൂമുമുണ്ട്. ഒപി ഉള്‍പ്പെടെ ഉദരരോഗവിഭാഗം പൂര്‍ണ്ണമായും പ്രത്യേക നെറ്റ്‌വര്‍ക്കിങ്, ഇന്റര്‍കോം സൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്കാദമിക് ബ്ലോക്ക്, ഫാക്കല്‍റ്റിറൂം, സെമിനാര്‍ ഹാള്‍, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് ആന്റ് സ്റ്റുഡന്റ്‌സ് റൂം, റിസര്‍ച്ച് ലബോറട്ടറി, വെള്ളം ശുദ്ധീകരിക്കാന്‍ പ്രത്യേക സംവിധാനം, റസിഡന്‍സ് റൂം, കൗണ്‍സിലിങ് റൂം, സ്ത്രീ-പുരുഷന്‍മാര്‍ക്കും പ്രത്യേക വാര്‍ഡ്, ഐസിയുവില്‍ കിടക്കുന്ന രോഗികള്‍ക്ക് ഒപ്പമുള്ളവര്‍ക്ക് വിശ്രമസൗകര്യം, ചൂടുവെള്ളം, സംഗീതസാന്ത്വനം, അനൗണ്‍സ്‌മെന്റ് സിസ്റ്റം, സൗജന്യ വൈഫൈ, തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it