palakkad local

അത്തിപ്പൊറ്റ പുതിയ പാലം പണി : വഴിതിരിച്ചുവിട്ട ബസ്സുകള്‍ അത്തിപ്പൊറ്റ ജങ്ഷനെ ഒഴിവാക്കുന്നതായി പരാതി



ആലത്തൂര്‍: അത്തിപ്പൊറ്റയില്‍ പുതിയ പാലം പണിയുന്നതിന്റെ ഭാഗമായി നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ അനുവദിച്ച ഗതാഗതം നിരോധിച്ചതോടെ യാത്രക്കാര്‍ വീണ്ടും ദുരിതത്തിലായി. തിരുവില്വാമല ,പഴമ്പാലക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ പാറയ്ക്കല്‍ പറമ്പ് ,തോണിക്കടവ് വഴിയാണ് ആലത്തൂരിലേക്ക് പോകുന്നതും വരുന്നതും.തരൂര്‍ പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ജോയിന്റ് ആര്‍.ടി.ഒയും ആലത്തൂര്‍ പോലീസും എല്ലാ ബസുകള്‍ക്കും അത്തിപ്പൊറ്റയില്‍ വന്ന് യാത്രക്കാരെ കയറ്റിയശേഷം പാറയ്ക്കല്‍ പറമ്പ്‌തോണിക്കടവ് വഴി പോകണമെന്ന് ധാരണയായിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. അധിക കിലോമീറ്റര്‍  ഓടുന്നതിന്റെ  ഡീസല്‍ ചിലവും സമയ നഷ്ടവും ചൂണ്ടിക്കാട്ടിയാണ് ബസുടമകളുടെ ഈ നിലപാട്. തോലനൂര്‍ ഭാഗത്തു നിന്നു വരുന്ന ബസുകളല്ലാത്തവ ഇപ്പോള്‍ ഇതുവഴി വരുന്നില്ല. മാങ്ങോട്ടുകാവില്‍ തിരക്കുള്ള ദിവസം മാത്രം ചില ബസുകള്‍ വന്നു പോകുന്നുണ്ട്. പത്തനാപുരം, തോണിപ്പാടം, കുണ്ടുകാട് പരിസരത്തുള്ളവരും യാത്രാദുരിതത്തിലായിരിക്കുകയാണ്.അത്തിപ്പൊറ്റ, തരൂര്‍, കഴനി ചുങ്കം ഭാഗത്തേക്ക് യാത്ര ചെയ്യാന്‍ ഇപ്പോള്‍ ബസില്ല.കഴനി ചുങ്കത്ത് നിന്ന് വാവുള്ള്യാപുരം, അത്തിപ്പൊറ്റ പാലം വരെയുള്ള യാത്രക്കാരും ബസില്ലാത്തതു മൂലം ബുദ്ധിമുട്ടിലായി. കുണ്ടുകാട്, അമ്പാട്ടുപറമ്പ് ,കാരമല വഴി നെല്ലിപ്പാടം ,ചിറക്കോട്, മലമ്പുഴ കനാല്‍ പാതയിലൂടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് തോലനൂര്‍  അത്തിപ്പൊറ്റ പാതയിലെത്താമെന്ന് മാത്രം. അമ്പാട്ടു പറമ്പ് നിന്ന് കരിങ്കുളങ്ങര പാടവും തോടും കടന്ന് കാല്‍നടയാത്രയായി അത്തിപ്പൊറ്റ വില്ലേജ് ഓഫീസിന് സമീപം എത്താം. പാലം പണി അതിവേഗം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറക്കുക മാത്രമാണ് സ്ഥായിയായ പരിഹാരം. അതുവരെ  സ്വകാര്യ ബസുകാരുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ നടപടിയാണ് യാത്രക്കാര്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it