Articles

അതിപ്പോ ഓരോ ആചാരങ്ങളാവുമ്പോള്‍...

ഗ്രീന്‍ നോട്‌സ് -  ജി  എ  ജി  അജയമോഹന്‍
പഴയൊരു സുഹൃത്തിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നതാണ്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച. പ്രായത്തിന്റെ മാറ്റം ചങ്ങാതിയുടെ മുഖത്തു നന്നായി കാണാം. വീടിനും വയസ്സായിട്ടുണ്ടെങ്കിലും പെയിന്റൊക്കെയടിച്ച്് പുതുമ വരുത്തിയിട്ടുണ്ട്്. വീടിനു മാത്രമല്ല, വിശാലമായ പറമ്പിനുമുണ്ട് മാറ്റങ്ങള്‍.
പണ്ട് അവിടെയൊരു വലിയ കുളമുണ്ടായിരുന്നു. വശം കെട്ടിയടച്ചിട്ടൊന്നുമില്ലാത്ത, ആഴം കുറഞ്ഞൊരു ചെറുജലാശയം. ചുറ്റും കുറ്റിക്കാടുകളും ചെറുമരങ്ങളുമൊക്കെയായി നല്ലൊരു അന്തരീക്ഷം. ഏതു വേനല്‍ക്കാലത്തും കുളിര്‍കാറ്റ്. വൈകുന്നേരം വീടിന്റെ കോലായയിലിരുന്നാല്‍ ഡിസ്‌കവറി ചാനലില്‍ കാണുന്നതുപോലെയുള്ള ചില കാഴ്ചകളും കാണാം, കൂട്ടമായി പലതരം പക്ഷികള്‍ കുളത്തില്‍ കുളിക്കാനെത്തും. അവയുടെ 'കുളിസീനും' പാട്ടും ചിലമ്പലുമൊക്കെയായി നേരം പോവുന്നതറിയില്ല. നേരമിരുട്ടിയാലും തിരക്കൊഴിയാറില്ല. കുളത്തിനോടു ചേര്‍ന്ന ചെറിയ കാട്ടില്‍ ധാരാളം മരങ്ങളുണ്ടായിരുന്നു. അവയ്ക്കിടയില്‍ നിന്നു കുറുക്കനും മുള്ളന്‍പന്നിയുമൊക്കെ ഇരുട്ടുമ്പോള്‍ പുറത്തുവരുന്നതു കണ്ടിട്ടുണ്ട്.
പലപ്പോഴും സാമ്പത്തികപ്രയാസം വന്ന സന്ദര്‍ഭങ്ങളില്‍ കുളം മൂടി സ്ഥലം വില്‍ക്കുന്നതിനെക്കുറിച്ചും അവിടെയുള്ള മരം വെട്ടിവില്‍ക്കുന്നതിനെക്കുറിച്ചുമൊക്കെ സുഹൃത്ത് ആലോചിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അക്കാര്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു. കാടുപിടിച്ച ആ പറമ്പും അവിടെയുള്ള കുളവുമായും ബന്ധപ്പെടുത്തി നിലനിന്നിരുന്ന ചില വിശ്വാസങ്ങള്‍ തന്നെ പ്രധാനം. അവിടെ കാടും വെള്ളവുമൊക്കെ (ജലസാന്നിധ്യം എന്നാണ് അവര്‍ ഉപയോഗിച്ചിരുന്ന വാക്ക്) നിലനില്‍ക്കണം എന്നായിരുന്നു തലമുറകളായി ആ കുടുംബം വച്ചുപുലര്‍ത്തിയിരുന്ന ആചാരപരമായ വിശ്വാസം. എന്തിന്റെ പേരിലായാലും ഈവക വിശ്വാസങ്ങള്‍ ആ പ്രദേശത്തെ സംരക്ഷിച്ചുവന്നു. കുറേ പക്ഷികള്‍ക്കും ചെറുമൃഗങ്ങള്‍ക്കും കുളിക്കാനും വെള്ളം കുടിക്കാനുമൊക്കെ അതുകൊണ്ട് സാധിച്ചു എന്നതാണു സത്യം.
എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം പ്രദേശത്തിന്റെ ഭൂപ്രകൃതിയൊക്കെ വല്ലാതെ മാറിയിരിക്കുന്നു. കാടും മരവുമൊന്നുമില്ല. കുളം മണ്ണിട്ടു മൂടി പറമ്പാകെ തെങ്ങിന്‍തൈ വച്ചിരിക്കുന്നു. ചിലത് കായ്ച്ചുതുടങ്ങിയിട്ടുമുണ്ട്്. ഇപ്പോള്‍ കണ്ടാല്‍ നല്ല ഒന്നാന്തരം കരപ്രദേശം, തെങ്ങിന്‍തോപ്പ്.
എന്തുപറ്റി, ആചാരം, വിശ്വാസം, ജലസാന്നിധ്യം- എല്ലാം കളഞ്ഞ് വീട്ടുകാരൊന്നടങ്കം നിരീശ്വരവാദികളായോ? ചോദിക്കാതിരിക്കാനായില്ല.
വിശ്വാസമൊക്കെ ഇപ്പോഴും പഴയതുപോലെയുണ്ട്. എന്നാലും സ്ഥലവില ഓര്‍ക്കുമ്പോള്‍ ഇതങ്ങനെ വെറുതെ കുളമായിക്കിടന്നാല്‍ നഷ്ടമാണെന്നു തോന്നിയതുകൊണ്ടു ചെയ്തതാണ്- ഇളിഭ്യച്ചിരിയോടെ സുഹൃത്തിന്റെ മറുപടി.
അപ്പോള്‍ കുളം, 'ജലസാന്നിധ്യം?'
ഓ, അതൊക്കെ പരിഹരിച്ചു. ജലസാന്നിധ്യം ഇപ്പോഴുമുണ്ട്. വാ കാണിച്ചുതരാം. സുഹൃത്ത് തെങ്ങിന്‍തോപ്പിലേക്കു കൂട്ടിക്കൊണ്ടുപോയി കാണിച്ചുതന്നു. ഒരു ചെറിയ കോണ്‍ക്രീറ്റ്് കിണര്‍. കഷ്ടിച്ച് മൂന്നടി വ്യാസം. കുളത്തില്‍ കുഴിച്ച കിണറായതുകൊണ്ടാവും പ്രദേശത്തിന്റെ മുജ്ജന്മസുകൃതമെന്നോണം നിറയെ വെള്ളവുമുണ്ട്. പരിചയത്തിലുള്ള ഒരു ജോല്‍സ്യന്‍ പറഞ്ഞുകൊടുത്ത ഐഡിയയാണത്രേ. ജലസാന്നിധ്യം 'പ്രശ്‌നവശാല്‍' അങ്ങനെ പരിഹരിച്ചു.
കുളിക്കാനും കുടിക്കാനും വെള്ളം തേടിയെത്തിയിരുന്ന പക്ഷിമൃഗാദികളൊക്കെ ശരിക്കും പ്ലിങ്ങായിട്ടുണ്ടാവും. വെള്ളമുണ്ടായിട്ട് എന്തു കാര്യം, കിണറ്റിലിറങ്ങി കുടിക്കാനോ കുളിക്കാനോ കഴിയില്ലല്ലോ. ഇതിലും ഭേദം ഒരു ടാപ്പ് കണക്ഷന്‍ എടുക്കുന്നതായിരുന്നു!
ജലസാന്നിധ്യം നിലനിര്‍ത്താന്‍ കിണര്‍ കുഴിച്ച ആ സുഹൃത്തിനെപ്പോലെ തന്നെയാണു നമ്മുടെ സര്‍ക്കാര്‍ ചിന്തിക്കുന്നതും. പറയാന്‍ കാര്യമുണ്ട്. വിവിധ പദ്ധതികള്‍ക്കായി 37.53 ഏക്കര്‍ നെല്‍വയല്‍ നികത്താനുള്ള ഉത്തരവ് ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരിക്കുകയാണ്.  2017ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരമാണ് ഉത്തരവ്.
ദോഷം പറയരുതല്ലോ, ചില വ്യവസ്ഥകളോടെയാണ് ഈ കടുംകൈക്ക് അനുമതി നല്‍കിയിട്ടുള്ളത്. പദ്ധതിപ്രദേശത്തിന്റെ ഒരു ചെറിയ ഭാഗത്ത് ജലസംരക്ഷണ പ്രവര്‍ത്തനം നടത്തണം, മലിനജലം ജലസ്രോതസ്സുകളിലേക്കു വ്യാപിക്കരുത്, നിലവിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമുണ്ടാക്കരുത് എന്നൊക്കെയാണ് വ്യവസ്ഥകള്‍.
ദാ ഇത്രയേ ഉള്ളൂ കാര്യം. 15 സെന്റ് ഭൂമിയില്‍ മഴവെള്ളടാങ്ക് നിര്‍മിക്കാന്‍ തയ്യാറാണെങ്കില്‍ ഒന്നര ഏക്കര്‍ നെല്‍വയല്‍ നികത്താം. എത്ര ലളിതമായ പോംവഴി. ഓരോ ആചാരങ്ങള്‍! നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചൊന്നും ആരും ഇനി മിണ്ടരുത്. വയല്‍ നികത്തിയാല്‍ കിണറ്റില്‍ വെള്ളം വറ്റിയേക്കാം. അതിനല്ലേ മഴവെള്ള ടാങ്ക്. വയലില്‍ തവളയും തുമ്പിയുമില്ലാതായാല്‍ കൊതുകു പെരുകുമായിരിക്കാം. അതിനല്ലേ മാറ്റും ബാറ്റും തിരിയുമൊക്കെ. നിങ്ങള്‍ക്ക്് ഈ സര്‍ക്കാരിനെക്കുറിച്ച് ഒന്നുമറിയില്ല. മഴ പെയ്തില്ലെങ്കില്‍ മേഘത്തില്‍ പൊടിവിതറി മഴ പെയ്യിക്കാന്‍പോലും കഴിവുള്ള സംസ്ഥാനമാണിത് എന്നോര്‍ക്കണം മിഷ്ടര്‍.                           ി
Next Story

RELATED STORIES

Share it