thrissur local

അടുത്ത അധ്യയനവര്‍ഷം മികവിന്റേത്: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

തൃശൂര്‍: അടുത്ത അധ്യയന വര്‍ഷം മികവിന്റെ വര്‍ഷമായി ആചരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി  പ്രഫ. സി രവീന്ദ്രനാഥ്. ഒല്ലൂര്‍ വൈലോപ്പിളളി എസ്എംഎംജിവിഎച്ച്എസ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്‌കൂള്‍ മുതല്‍ കോളജ് തലം വരെ കൃത്യ സമയത്ത് പരീക്ഷ നടത്തുന്നതിന്റെയും ഫലം പ്രസിദ്ധീകരിക്കുന്നതിന്റെയും കലണ്ടര്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനുളള പരിഷ്‌ക്കാരങ്ങള്‍ പാഠ്യപദ്ധതിയില്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം മലയാളത്തിന്റെ പ്രിയ കവിയും സ്‌കൂളിന്റെ പ്രധാനാദ്ധ്യപകനുമായിരുന്ന വൈലോപ്പിളളിയുടെ  അര്‍ദ്ധകായ പ്രതിമ വിദ്യാഭ്യാസ വകുപ്പു മന്ത്രി അനാച്ഛാദനം ചെയ്തു. വിഎച്ച്എസ്ഇ വിഭാഗം കാരുണ്യപ്രവര്‍ത്തന ധനശേഖരണാര്‍ത്ഥം നിര്‍മ്മിച്ചിട്ടുളള കുടകളുടെ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. മുന്‍ പിടിഎ പ്രസിഡന്റ് ജോസ് കാച്ചപ്പളളി ആദ്യ കുട വാങ്ങി. സ്‌കൂളിന്റെ പുതിയ ലോഗോ മന്ത്രിയും കെ രാജന്‍ എംഎല്‍എയും ചേര്‍ന്ന് പ്രകാശനം ചെയ്തു.
മികച്ച ഗണിത അധ്യാപികയ്ക്കുളള അവാര്‍ഡ് വി ജെ മിനി മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. സന്തോഷ് ട്രോഫി ജേതാവായ ജിതിന്‍ എം എസിനെ ട്രോഫി നല്‍കി അനുമോദിച്ചു. പരിശീലകന്‍ ജോസഫ് കാട്ടുക്കാരനെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ അജിന്‍ പി എസ്, വിഎച്ച്എസ്ഇ പരീക്ഷയില്‍ മികവു പുലര്‍ത്തിയ ഗ്ലാറ്റിന ജോജു, റോസ് മോള്‍ ജെയ്‌സണ്‍, ഹെലന്‍ ട്രിയ തെരേസ, ലിസ്‌ന ബേബി എന്നിവര്‍ക്ക് മന്ത്രി സമ്മാനം നല്‍കി.
Next Story

RELATED STORIES

Share it