kasaragod local

അടിസ്ഥാന സൗകര്യ വികസനത്തിനും വനിതാ ക്ഷേമത്തിനും മുന്‍ഗണന

കാസര്‍കോട്: അടിസ്ഥാനസൗകര്യവികസനത്തിനും വനിതാക്ഷേമത്തിനും ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭ ബജറ്റ്. 51,68,48,067 രൂപ വരവും 45,45,68,000 രൂപ ചെലവും 6,22,80067 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ്‌ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി അവതരിപ്പിച്ചത്.
നഗരത്തിലെ പ്രധാന റോഡുകള്‍ നവീകരിക്കുന്നതിനും പുനുദ്ധാരണം നടത്തുന്നതിനും സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ട്, എംഎല്‍എയുടെ ആസ്തിവികസനഫണ്ട്, മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ ഏജന്‍സികളുടെ ധനസഹായം എന്നിവയില്‍ നിന്നുമായി ഈ സാമ്പത്തികവര്‍ഷം ഏഴുകോടി രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കാസര്‍കോട് ഗവ.ഹൈസ്‌കൂളിന് സമീപത്തെ ജങ്ഷനില്‍ കവാടം സ്ഥാപിക്കും. ഇരുഭാഗങ്ങളിലും ഹാന്‍ഡ് റെയില്‍ സ്ഥാപിച്ച് ഇന്റര്‍ലോക്ക് നടപ്പാതയൊരുക്കും. നഗരത്തിലെ പ്രധാന റോഡുകളില്‍ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അഞ്ചുലക്ഷം രൂപ വകയിരുത്തി. നഗരസഭയുടെ സ്വപ്‌നപദ്ധതികളായ മൂന്നുകോടി ചെലവില്‍ ഷോപ്പിങ് കോപ്ലക്‌സ്, 30 ലക്ഷം ചെലവില്‍ ഗസ്റ്റ് ഹൗസ് എന്നിവയുടെ നിര്‍മാണം ഈവര്‍ഷം ആരംഭിക്കും. നടപ്പുവര്‍ഷത്തില്‍ ഷോപ്പിങ് കോംപ്ലക്‌സിന് ഒരുകോടിയും ഗസ്റ്റ് ഹൗസിന് 15 ലക്ഷം രൂപയും വകയിരുത്തി.
വനിതാക്ഷേമപദ്ധതികള്‍ക്കായി അരക്കോടി രൂപയുടെ പദ്ധതികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ഷീ ലോഡ്ജ് നിര്‍മാണം (35 ലക്ഷം), പവര്‍ ലോണ്‍ട്രി (12.50 ലക്ഷം), കുടുംബശ്രീ മെംബര്‍മാര്‍ക്ക് സ്വയംതൊഴില്‍ സ്ഥാപനം (2.50 ലക്ഷം), സ്‌കൂളുകളില്‍ നാപ്കിന്‍ വെ ന്‍ഡിങ് യൂനിറ്റ് (മൂന്നുലക്ഷം) എന്നിവയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
പുതിയ പ്രാദേശിക ജലസ്രോതസുകള്‍ കണ്ടെത്തി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യാനും നിലവിലുള്ള കുടിവെള്ള ശൃംഖലകള്‍ മെച്ചപ്പെടുത്താനുമായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
എസ്എസ്എ പദ്ധതിക്ക് നഗരസഭ വിഹിതമായി 20 ലക്ഷം രൂപ നല്‍കും. പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണം, സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മാണം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, മല്‍സ്യമാര്‍ക്കറ്റ്, ജനറല്‍ ആശുപത്രി പരിസരം, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, കറന്തക്കാട് ജങ്ഷന്‍, കെഎസ്ആര്‍ടിസി ജങ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ ശുചിത്വവും സമാധാനവും ഉറപ്പുവരുത്താന്‍ സിസിടിവി കാമറ സ്ഥാപിക്കും.
ഇതിനായി എട്ടുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. കാര്‍ഷികമേഖലയ്ക്ക് 30 ലക്ഷം, കാസര്‍കോട ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഷെഡുകളുടെ പ്രവര്‍ത്തിക്കും 25 ലക്ഷം, അഫിലിയേറ്റഡ് ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണത്തിന് നാലുലക്ഷം, മഡോണ പാര്‍ക്കില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടിന് രണ്ടുലക്ഷ ം, മല്‍സ്യമാര്‍ക്കറ്റ് യാര്‍ഡ് നവീകരണത്തിന് അഞ്ചുലക്ഷം, കൊപ്പല്‍ പാലം നിര്‍മാണത്തിന് 20 ലക്ഷം എന്നിവയാണ് മറ്റു പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍.
നഗരത്തിലെ പ്രധാന വിഷയങ്ങളായ മല്‍സ്യമാര്‍ക്കറ്റില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍, മാലിന്യ സംസ്‌കരണം, ഓവുചാല്‍ നിര്‍മാണം, ശുദ്ധജല സ്രോതസ്സുകളിലേക്ക് മലിനജലമൊഴുകുന്നത് തടയല്‍, കുടിവെള്ളമായി ഉപ്പുവെള്ളം നല്‍കുന്നത് ഒഴിവാക്കി നല്ല ജലം നല്‍കാനുള്ള സംവിധാനം എന്നിവയ്‌ക്കൊന്നും പണം നീക്കിവയ്ക്കാനോ പരിഹാരം കാണാനോ ബജറ്റില്‍ പണം നീക്കിവച്ചില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരത്തിന്റെ പ്രധാന പ്രശ്‌നമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനും നടപടിയില്ല.
Next Story

RELATED STORIES

Share it