kasaragod local

അടിസ്ഥാന സൗകര്യമില്ല; തൃക്കരിപ്പൂര്‍ നഗരം വീര്‍പ്പുമുട്ടുന്നു

തൃക്കരിപ്പൂര്‍: ജില്ലയിലെ തന്നെ പ്രധാന നഗരങ്ങളിലൊന്നായ തൃക്കരിപ്പൂര്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മുലം വീര്‍പ്പുമുട്ടുന്നു. ഗതാഗതക്കുരുക്കും മല്‍സ്യമാര്‍ക്കറ്റ് ഇല്ലാത്തതും വീതികുറഞ്ഞ റോഡുമാണ് ഇവിടത്തെ പ്രധാന പ്രശ്‌നം. കൂടാതെ ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുമില്ല.
നിരവധി സര്‍ക്കാര്‍-ഇതര സ്ഥാപനങ്ങളും ആരാധനാലയങ്ങളുമുള്ള തൃക്കരിപ്പൂരില്‍ അനവധി കച്ചവട-വ്യാപാര സ്ഥാപനങ്ങളുമുണ്ട്. അശാസ്ത്രീയമായ ട്രാഫിക് രീതിയും വാഹന പാര്‍ക്കിങ് സംവിധാനമില്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. മീന്‍മാര്‍ക്കറ്റിനെ നോക്കുകുത്തിയാക്കി മല്‍സ്യവില്‍പ്പന റോഡിലായതും പ്രധാന പ്രശ്മാണ്. ഇവിടെ ഓട്ടോ സ്റ്റാന്റ് കൂടിയായതോടെ ദുരിതം ഇരട്ടിച്ചു.
വാഹനത്തിരക്കുള്ളപ്പോള്‍ ഏതുവഴി റോഡ് മുറിച്ചുകടക്കണമെന്നറിയാതെ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. റോഡിനോടു ചേര്‍ന്നുതന്നെ കെട്ടിടങ്ങളും സ്ഥാപനങ്ങളുമുള്ളതിനാല്‍ ശബ്ദ ബഹളവും പൊടിശല്യവും രൂക്ഷമാണ്.
നാലു ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, നിരവധി പ്രൈമറി സ്‌കൂള്‍, ഇകെ നായനാര്‍ പോളിടെക്‌നിക് കോളജ്, ആര്‍ട്‌സ് കോളജ്, ബാങ്കുകള്‍, വില്ലേജ്, പഞ്ചായത്ത് ഓഫിസുകള്‍ എന്നിവയും തൃക്കരിപ്പൂരിലുണ്ട്. താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രികളുമുണ്ട്. എന്നാല്‍ ഇതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യക്കുറവ് നഗരത്തേ ഒറ്റപ്പെടുത്തുന്നു.     അധികൃതരുടെ അവഗണനയുടെ വലിയ ഉദാഹരണമാണ് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍. ട്രെയിന്‍ കടന്നുപോകാന്‍ റെയില്‍വേ ഗേറ്റ് അടച്ചാല്‍ ഏറെ നേരം നഗരം ഗതാഗതക്കുരുക്കിലായിരിക്കും.
നഗരമധ്യത്തിലുള്ള പഞ്ചായത്ത് ബസ് സ്റ്റാന്‍ഡാണ് തൃക്കരിപ്പൂരിന് എടുത്തുപറയാനുള്ള നേട്ടം. അതേസമയം സ്റ്റാന്‍ഡിലെ ടാറിങ് ഇളകി കുണ്ടുംകുഴിയായിട്ടുണ്ട്. ബസുകള്‍  പലപ്പോഴും ബസ് സ്റ്റാന്‍ഡില്‍ കയറാതെ പോകുന്നതായും പരാതിയുണ്ട്.
Next Story

RELATED STORIES

Share it