Alappuzha local

അടിസ്ഥാന സൗകര്യങ്ങളില്ല: യാത്രക്കാര്‍ മൂത്രശങ്കയകറ്റുന്നതു ബസ്സുകളെ മറയാക്കി

കായംകുളം: ബസ്സുകളെ മറയാക്കി ഒരു വിഭാഗം ബസ്ജീവനക്കാരും യാത്രക്കാരും മൂത്രശങ്കയകറ്റുന്നതിനാല്‍ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ അസഹനീയ ദുര്‍ഗന്ധം. ദുര്‍ഗന്ധം മൂലം   ബസ്റ്റാന്റില്‍  എത്തുന്ന യാത്രക്കാര്‍ക്ക് മൂക്ക് പൊത്തിനില്‍ക്കേണ്ട അവസ്ഥയാണുള്ളത്.
സ്റ്റാന്റിനു മുന്‍വശത്തെ ഫാസ്റ്റ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്താണ് ദുര്‍ഗന്ധം അനുഭവപ്പെടുന്നത്. മൂത്രത്തിന്റെ ഗന്ധത്താല്‍  ഇവിടെ പാര്‍ക്ക് ചെയ്യുന്ന ബസുകളിലെ യാത്രക്കാര്‍ വായും മൂക്കും പൊത്തിപിടിച്ചാണ് ബസുകളില്‍  ഇരിക്കുന്നത്. ബസ്സ്റ്റാന്റിന് തെക്കു  പടിഞ്ഞാറ് വശം ദേശീയ പാതയോടു ചേര്‍ന്ന ഭാഗത്തായാണ് ഫാസ്റ്റ് ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്നത്.  ബസ്സുതേടി സ്റ്റാന്റില്‍ എത്തുന്നവരിലും ദൂരെ സ്ഥലങ്ങളില്‍ നിന്നും ബസ്സുകളില്‍ വന്നിറങ്ങുന്നവരിലും പെട്ട ഒരു പറ്റം  യാത്രക്കാര്‍ ഇവിടെ  പാര്‍ക്ക് ചെയ്തിരിക്കുന്ന ബസ്സുകളുടെ പിറകുവശത്തെ മറയാക്കി മൂത്ര വിസര്‍ജനം നടത്തുന്നതും സമീപത്തായുള്ള ഓട മാലിന്യത്തില്‍ മുങ്ങി കിടക്കുന്നതുമാണ് ദുര്‍ഗന്ധം വമിക്കാന്‍ കാരണമാകുന്നത്. ബസ്സ്റ്റാന്റിന്റെ വടക്കു വശത്തായി  ശൗചാലയം ഉണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം കുറവാണ്.
ശൗചാലയം എവിടെയെന്നു  അന്വേഷിച്ചു നടക്കേണ്ട ഗതികേടുമാണുള്ളത്. പൊതു സ്ഥലമായ ഇവിടം രാത്രി സമയങ്ങളില്‍  യാത്രക്കാരുടെ പ്രധാന മൂത്ര വിസര്‍ജ്യ കേന്ദ്രമാണ്.  ഇവിടെ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ശൗചാലയം ചൂണ്ടിക്കാണിക്കുന്ന സൂചന ബോര്‍ഡുകള്‍ ഒന്നും തന്നെ കെഎസ്ആര്‍ടിസി അധികൃതര്‍ സ്ഥാപിച്ചിട്ടില്ല.
ബസ്സിനെ മറയാക്കി  മൂത്ര ശങ്ക അകറ്റുന്നവര്‍ സ്റ്റാന്റിനു സമീപമുള്ളതും ദേശീയ പാതയോടു ചേര്‍ന്നു കിടക്കുന്നതുമായ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. സ്‌കൂള്‍,കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് യാത്രക്കാരാണ്  കാല്‍നടയായും മറ്റും  ഇതുവഴി കടന്നു പോകുന്നത്. പട്ടാപ്പകള്‍ പോലും പരിസര ബോധമില്ലാതെ മൂത്രശങ്ക അകറ്റുന്ന ഇത്തരക്കാര്‍ക്കു മുന്നില്‍ റോഡ് യാത്രക്കാര്‍ക്കു കണ്ണുപൊത്തിയും മുഖം തിരിച്ചും നടക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല.
Next Story

RELATED STORIES

Share it