അടിസ്ഥാന മേഖലയുടെ പുരോഗതിക്ക്

ഇ  ചന്ദ്രശേഖരന്‍
പശ്ചിമേഷ്യന്‍ അധിനിവേശകാലത്ത് യുദ്ധത്തില്‍ തങ്ങളോടൊപ്പം ചേരാത്ത രാജ്യങ്ങളെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ നിരീക്ഷണം സാമ്രാജ്യത്വത്തിന്റെ കച്ചവട രസതന്ത്രത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു: ''ഞങ്ങളുടെ കൂടെയില്ല എങ്കില്‍ അതിനര്‍ഥം നിങ്ങള്‍ അവരുടെ കൂടെയാണ് എന്നാണ്.''
കമ്പോളവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഈ കാഴ്ചപ്പാടിന് അംഗീകാരം ലഭിക്കുന്നുണ്ട്. പക്ഷേ, കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും ഗൗരവപൂര്‍ണമായ ജനാധിപത്യ സംവാദങ്ങള്‍ക്ക് വേദിയാകുന്ന സംസ്ഥാനമാണ്. ഏകശിലാ ഘടനാശാഠ്യങ്ങളെ കണ്ണടച്ച് സ്വീകരിക്കുന്നവരല്ല മലയാളികള്‍. മറ്റെല്ലാത്തിലും എന്നപോലെ നിയമനിര്‍മാണങ്ങളുടെ കാര്യത്തിലും സംവാദങ്ങളും വിവാദങ്ങളും ഒരുഭാഗത്ത് നടക്കുമ്പോള്‍ തന്നെ ബഹുസ്വരതയുടെ മഴവില്ല് തെളിയുന്ന രാഷ്ട്രീയ വിഹായസ്സാണ് കേരളത്തിന്റേത്.
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമങ്ങള്‍ തൊട്ട് ഇക്കഴിഞ്ഞ 25ാം തിയ്യതി കേരള നിയമസഭ പാസാക്കിയ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമം വരെയുള്ളവയില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ അഭിലാഷമാണ്. 1990കളില്‍ കൃഷിയിടങ്ങളും നെല്‍വയലുകളും പരിസ്ഥിതിയും ജലസ്രോതസ്സുകളും ഭക്ഷ്യോല്‍പാദനവുമൊക്കെ തകര്‍ത്തുകൊണ്ട് കേരളത്തിലാകെ വികലമായ വികസന സങ്കല്‍പത്തിന്റെ അടിസ്ഥാനത്തിലുള്ള ഒട്ടേറെ പ്രവൃത്തികള്‍ നടന്നു.
ഒടുവില്‍ അന്നത്തിനായി അന്യസംസ്ഥാന ലോറികളെ കാത്തുനില്‍ക്കുന്ന സ്ഥിതിയിലേക്ക് മലയാളി എത്തി. സുസ്ഥിരമല്ലാത്ത വികസന മാതൃകകളെ തള്ളിക്കളയാനുള്ള ജനാഭിലാഷമാണ് ഈ ഘട്ടത്തില്‍ ചരിത്രപരമായ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കാന്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 2008നു ശേഷം ഉണ്ടായിരുന്ന നെല്‍വയലുകളെയെങ്കിലും ഒരു വലിയ പരിധി വരെ സംരക്ഷിക്കാന്‍ ഈ നിയമത്തിനു കഴിഞ്ഞു.
ഇപ്പോള്‍ പാസാക്കിയ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്ല് ഭക്ഷ്യോല്‍പാദനം, കാര്‍ഷിക വികസനം, കര്‍ഷക ക്ഷേമം, ഭൂവിതരണം, ഭവനനിര്‍മാണം, പരിസ്ഥിതി സംരക്ഷണം, ജലലഭ്യത തുടങ്ങി വിവിധ മേഖലകള്‍ക്ക് സാര്‍ഥകമായ മെച്ചമുണ്ടാക്കുന്ന നിയമനിര്‍മാണ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യങ്ങളെയാണ് ഈ ബില്ല് അഭിസംബോധന ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു ഭൂമി കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. അത്യന്താപേക്ഷിതമായ ഗെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ നഷ്ടപ്പെടുമെന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. 'പൊതു ആവശ്യം' എന്ന നിര്‍വചനത്തില്‍ 'പദ്ധതികള്‍' എന്ന വാക്കിനോടൊപ്പം 'പ്രോജക്റ്റുകള്‍' എന്നുകൂടി ചേര്‍ത്ത് പ്രാദേശിക നിരീക്ഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപ്രകാരം ഒഴിച്ചുകൂടാന്‍ പറ്റാത്ത പദ്ധതികള്‍ക്ക് നെല്‍വയല്‍ തരം മാറ്റുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. ഇത് കാലാനുസൃതവും വികസന താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതുമായ ഭേദഗതിയാണ്.
അതേസമയം, നെല്‍കൃഷിക്ക് ഉപയുക്തമാക്കാന്‍ കഴിയുന്ന മുഴുവന്‍ പാടങ്ങളിലും കൃഷി വ്യാപിപ്പിച്ച് നെല്‍കൃഷി മൂന്നു ലക്ഷം ഹെക്റ്ററായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 2015-16ല്‍ 1.96 ലക്ഷം നെല്‍കൃഷിയാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 2017-18ല്‍ ഇത് 2.2 ലക്ഷം ഹെക്റ്ററായി വര്‍ധിച്ചിട്ടുണ്ട്.
ആക്റ്റിലെ 16ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് തരിശിട്ടിരിക്കുന്ന നെല്‍വയലുകള്‍ ഉടമസ്ഥന്റെ അനുമതി ഇല്ലെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൊണ്ടോ കുടുംബശ്രീ യൂനിറ്റുകളെക്കൊണ്ടോ പാടശേഖര സമിതികളെക്കൊണ്ടോ ഏറ്റെടുപ്പിച്ച് കൃഷി ചെയ്യിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. അപ്പോഴും ഭൂവുടമയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് കൃഷിയുടെ ലാഭത്തിന്റെ 25% ഉടമയ്ക്കു തന്നെ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. നിലം നികത്തുന്നതിനെതിരേ ആര്‍ക്കും പോലിസില്‍ പരാതി കൊടുക്കാന്‍ കഴിയുന്ന കോഗ്‌നൈസബിള്‍ ഒഫന്‍സ് ആക്കി മാറ്റി നിലം നികത്തിയാലുള്ള ശിക്ഷ രണ്ടു വര്‍ഷത്തില്‍ നിന്നു മൂന്നു വര്‍ഷമാക്കി വര്‍ധിപ്പിച്ചു വ്യവസ്ഥ ചെയ്തു.
2008നു മുമ്പ് നികന്നുകിടക്കുന്നതും ഭൂരേഖകളില്‍ നിലമെന്നു രേഖപ്പെടുത്തിയതും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നു. മറ്റെവിടെയും ഭൂമിയില്ലാത്തവര്‍ക്ക് വീട് വച്ചു താമസിക്കുന്നതിന് അനുവാദം ലഭിക്കും.
പത്ത് സെന്റിനു മുകളിലാകട്ടെ ക്രമവത്കരണത്തിനു ജലസംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിശ്ചിത വ്യവസ്ഥകളുണ്ട്. തരം മാറ്റുന്ന ഭൂമി 50 സെന്റില്‍ കൂടുതലാണെങ്കില്‍ 10% ജലസംരക്ഷണ നടപടികള്‍ക്കായി മാറ്റിവയ്ക്കണം. അപ്രകാരം സ്വഭാവവ്യതിയാനം വരുത്തുന്നതിന് അടുത്തുള്ള നെല്‍വയലുകളെ പ്രതികൂലമായി ബാധിക്കില്ലെന്നും നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കണം. തരം മാറ്റല്‍ അനുവദിക്കുന്ന ഭൂമിയെ സംബന്ധിച്ച് വില്ലേജ് റെക്കോര്‍ഡുകളില്‍ മാറ്റം വരുത്തി നല്‍കുന്നതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ നിലവില്‍ വന്ന 1967 ജൂലൈ 4നു ശേഷവും 2008നു മുമ്പും നികന്നുകിടക്കുന്നതോ നികത്തിയതോ ആയ ഭൂമി സംബന്ധിച്ച് റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ ഉത്തരവിന്‍മേല്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കുന്ന അപ്പീലിനുള്ള ഫീസാണ് 500 രൂപ എന്നു നിജപ്പെടുത്തിയിട്ടുള്ളത്. 1967 ജൂലൈ 4നു മുമ്പ് നികന്നുകിടക്കുന്ന ഭൂമി തരം മാറ്റുന്നതിനു യാതൊരു ഫീസും ആവശ്യമില്ല. നെല്‍കൃഷി വികസനം മുന്നില്‍ക്കണ്ട് കാര്‍ഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിക്കാനും വ്യവസ്ഥയുണ്ട്.
ചുരുക്കത്തില്‍, ഒരു തുണ്ട് നെല്‍വയല്‍ പോലും നികത്തപ്പെടരുതെന്ന ജനാഭിലാഷവും ലക്ഷക്കണക്കിനു ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്ന ആവശ്യവും നാം കൈവരിച്ച സാമൂഹിക വികസനം സാമ്പത്തിക രംഗത്തേക്കുകൂടി വ്യാപിപ്പിക്കണമെന്ന ജനങ്ങളുടെ പ്രതീക്ഷയും സന്തുലിതമായി സമന്വയിച്ച നിയമനിര്‍മാണമാണ് 2018ലെ ഭേദഗതി നിയമം. മറിച്ചുള്ള ആശങ്കകളിലെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നു. എന്നാല്‍, ദുരുദ്ദേശ്യപരമായ ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്യുന്നു.      ി

(സംസ്ഥാന റവന്യൂ മന്ത്രിയാണ്
ലേഖകന്‍)
Next Story

RELATED STORIES

Share it