അടിമലത്തുറയിലെത്തിയ ധനമന്ത്രിക്കു നേരെ സ്ത്രീകളുടെ പ്രതിഷേധം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം നേരിടുന്നവരെ സന്ദര്‍ശിക്കാനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനു നേരെ അടിമലത്തുറയില്‍ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ രാവിലെയാണ് മന്ത്രി അടിമലത്തുറയില്‍ എത്തിയത്. മന്ത്രിയെ വളരെ ശാന്തമായി സ്വീകരിച്ച പ്രദേശവാസികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയപ്പോഴാണ് സ്ത്രീകള്‍ മന്ത്രിക്കെതിരേ തിരിഞ്ഞത്. നഷ്ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും മോശം റേഷനരിയാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും ആരോപിച്ചാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്നും അവര്‍ മന്ത്രിയോട് പരാതിപ്പെട്ടു. 40 കോടി രൂപയാണ് ദുരിതാശ്വാസത്തിനായി നല്‍കിയതെന്നും അതില്‍ പോരായ്മയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി നേരിട്ടു ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാമെന്നും മന്ത്രി ഉറപ്പു നല്‍കി. തങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്ന മന്ത്രിമാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി തിരികെപ്പോവുകയാണ് ചെയ്യുന്നതെന്നും തീരവാസികള്‍ ചൂണ്ടിക്കാട്ടി. പത്തു ദിവസമായി കടലില്‍ പോകാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ല. സന്നദ്ധ സംഘടനകളോ മതസംഘടനകളോ നല്‍കുന്ന ഭക്ഷണം മാത്രമാണ് ക്യാംപുകളിലുള്ളവര്‍ക്ക് ആശ്വാസം. തിരുവനന്തപുരം ജില്ലയില്‍ മാത്രമായി 247 പേരെ കാണാതായിട്ടുണ്ട്. അടിമലത്തുറയില്‍ ഇനിയും തിരികെയെത്താനുള്ളത് 28 പേരാണ്. എന്നാല്‍, സര്‍ക്കാര്‍ പറയുന്നത് 92 പേരെ മാത്രമാണ് കണ്ടെത്താനുള്ളതെന്നാണ്. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നാടകമാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പ്രക്ഷുബ്ധരായ സ്ത്രീകളെ ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി തിരിച്ചുപോയത്. പോകാനായി കാറില്‍ കയറിയപ്പോഴും സ്ത്രീകള്‍ പ്രതിഷേധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് മന്ത്രിയുടെ വിഴിഞ്ഞം, പൂന്തുറ സന്ദര്‍ശനം റദ്ദാക്കി. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്നായിരുന്നു വിശദീകരണം. കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മേഴ്‌സിക്കുട്ടിയമ്മ അടക്കമുള്ള മന്ത്രിമാര്‍ക്കു നേരെയും തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.
Next Story

RELATED STORIES

Share it